പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇനി ഭയക്കേണ്ട

Friday 19 January 2018 4:45 pm IST

 

 

പുനലൂര്‍ മുനിസിപ്പല്‍ പ്രദേശത്തെ പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിക്കാന്‍ എല്ലാ വാര്‍ഡിലും കളക്ഷന്‍ യൂണിറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിന്ന് നഗരസഭ ഏര്‍പ്പെടുത്തിയ ഗ്രീന്‍വാളന്റിയര്‍മാര്‍ അവ ശേഖരിക്കും. ഈ മാലിന്യങ്ങള്‍ പ്ലാച്ചേരിയിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്ററില്‍ എത്തിച്ച് തരംതിരിക്കുന്നുണ്ട്. അവയില്‍ പുനരുപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നു. പുനരുപയോഗത്തിന് കഴിയാത്ത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പൊടിച്ച് തരികളാക്കി ടാറിങ്ങിനുള്ള മിശ്രിതത്തില്‍ ചേര്‍ക്കുകയാണ്. 

തദ്ദേശസ്ഥാപനങ്ങള്‍ മേഖലയിലെ റോഡ് ടാറിങ്ങിന് 10 ശതമാനം പ്ലാസ്റ്റിക്ക് ഗ്രാന്യൂളുകള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഗ്രാന്യൂള്‍ തയാറാക്കാന്‍ പ്ലാസ്റ്റിക്ക് പൊടിക്കാന്‍ നഗരസഭ ആറുലക്ഷത്തോളം രൂപ ചിലവിട്ട് ഷ്രഡിങ് മെഷീന്‍ വാങ്ങി. മെഷീന്റെ ട്രയല്‍റണ്‍ നടത്തിയപ്പോള്‍ ലഭിച്ചത് 40 കിലോ പ്ലാസ്റ്റിക് തരികളാണ്. ഇതുകൂടി ഉപയോഗിച്ചായിരുന്നു പുനലൂര്‍ പത്തേക്കര്‍ വാര്‍ഡിലെ റോഡ് ടാറിങ്. 

പ്ലാച്ചേരിയില്‍ ഷ്രഡിങ് മെഷീന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തന ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ. പ്രഭ അധ്യക്ഷത വഹിച്ചു. 

സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷന്‍ സുഭാഷ് ജി. നാഥ് സ്വാഗതം പറഞ്ഞു. ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, അംജത് ബിനു, എന്‍.ലളിതമ്മ, കെ.എ. ലത്തീഫ്, കെ.രാജശേഖരന്‍, യമുന സുന്ദരേശന്‍, സനില്‍കുമാര്‍, ഝാന്‍സി, വിളയില്‍ സഫീര്‍, സിന്ധു ബൈജു, എസ്.പ്രകാശ്, ടി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

ക്ലീന്‍ കേരള കമ്പനി വഴിയാണ് പ്ലാസ്റ്റിക്ക് തരികള്‍ വില്‍ക്കുന്നത്. ഒരു കിലോയ്ക്ക് 18 രൂപയാണ് ലഭിക്കുന്നത്. ടാറിങ്ങിന് കുമ്മിള്‍ പഞ്ചായത്തില്‍ നിന്ന് 460 കിലോ പ്ലാസ്റ്റിക് ഗ്രാന്യൂളിന്റെ ഓര്‍ഡര്‍ നഗരസഭയ്ക്ക് ലഭിച്ചു കഴിഞ്ഞു.

മറ്റു പഞ്ചായത്തുകളും ആവശ്യക്കാരാണ്. ഇതോടെ പ്ലാസ്റ്റിക് മാലിന്യത്തിന് ശാശ്വതപരിഹാരവുമാകുമെന്നാണ് പ്രതീക്ഷ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.