ഭീതിയുയര്‍ത്തി പകര്‍ച്ചവ്യാധികള്‍

Saturday 20 January 2018 2:00 am IST


ആലപ്പുഴ: കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയിലും സംസ്ഥാനത്തും കഴിഞ്ഞവര്‍ഷം വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത എന്ന പ്രതിരോധ പരിപാടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്.
  പരിസര ശുചീകരണത്തിന്റെ അഭാവമാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ പ്രധാന കാരണം. വ്യക്തി ശുചിത്വത്തില്‍ കാണിക്കുന്ന ജാഗ്രത വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ പുലര്‍ത്താത്തതാണ് പ്രധാന പ്രശ്‌നം.
  കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1375 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ എട്ടുപേര്‍ മരിച്ചു. 2016ല്‍ 783 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേരാണ് മരിച്ചത്. അതായത് രോഗബാധിതര്‍ ഇരട്ടിയോളവും മരണനിരക്ക് നാലിരട്ടിയുമാണെന്നതാണ് ദുരവസ്ഥ.
  കഴിഞ്ഞ വര്‍ഷം 204 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. മലേറിയയും ചിക്കന്‍ഗുനിയയും അടക്കമുള്ള രോഗങ്ങളും ജില്ലയില്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. 72 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം എച്ച്1എന്‍വണ്‍ ബാധിച്ചു.
  മുന്‍കാലങ്ങളില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രമായിരുന്നു ഇത്തരം രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം എതാണ്ട് എല്ലാ മാസവും പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുന വര്‍ഗീസ് ഇതുസംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ചൂണ്ടിക്കാട്ടി.
  ഈ സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണമെന്ന പതിവു പദ്ധതിക്കു പുറമെ പ്രതിദിന ശുചീകരണമെന്ന വിശാലമായ പദ്ധതിയാണ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്നത്. 50 വീടുകള്‍ക്ക് ഒരു ആരോഗ്യ സേന എന്നരീതിയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കും.
  21ന് ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ സേന സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫ. ഡോ. വിശ്വകല, മാസ് മീഡിയ ഓഫീസര്‍ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.