പദ്മാവതിനെതിരായ അനുമതി റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവത് നിരോധിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നടപടി റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു പറഞ്ഞ്   അഡ്വ. എംഎല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് തള്ളിയത്. 

സിനിമയുടെ റിലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും വലിയ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമാകുമെന്നുമായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി. എന്നാല്‍ ക്രമസമാധാന പരിപാലനം കോടതികളുടെ ചുമതല അല്ലെന്നും സംസ്ഥാന സര്‍ക്കാരുകളുടെയാണെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. 

സിനിമ ഇറങ്ങുന്നതിന് പിന്നാലെ രാജ്യത്ത് വലിയ കലാപം ഉണ്ടായാല്‍ ആരുത്തരവാദിത്വം പറയുമെന്ന് ഹര്‍ജിക്കാരന്‍ ചോദിച്ചു. ദല്‍ഹി കൂട്ടബലാല്‍സംഗത്തെപ്പറ്റിയുള്ള ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി 2015ല്‍ നിരോധിച്ച കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം തടയാനാവില്ലെന്ന് കോടതി ആവര്‍ത്തിച്ചു. 

കര്‍ണ്ണി സേനയുടെ നേതൃത്വത്തിലുള്ള രാജ്പുത് സംഘടനകള്‍ പദ്മാവത് സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സിനിമ റിലീസ് ചെയ്യുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണി കര്‍ണ്ണി സേന ഉയര്‍ത്തിയിട്ടുണ്ട്. സുപ്രീംകോടതി റീലീസ് അനുമതി നല്‍കിയ ശേഷവും ചരിത്രത്തെ വളച്ചൊടിച്ച് രജപുത്ര അഭിമാനത്തെ തകര്‍ക്കുന്ന പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തുടരുകയാണ് രജപുത്ര സംഘടനകള്‍.

അതേസമയം പദ്മാവത് പ്രദര്‍ശിപ്പിച്ചാല്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും  രാജസ്ഥാനിലെ ക്രമസമാധാനം തകര്‍ന്നാല്‍  സംസ്ഥാന സര്‍ക്കാരും, സെന്‍സര്‍ ബോര്‍ഡും, സഞ്ജയ് ലീല ബന്‍സാലിയുമാണ് അതിനുത്തരവാദികളെന്നും രാജസ്ഥാന്‍ കര്‍ണിസേന മേധാവി മഹിപാല്‍ സിങ് മക്രാന അറിയിച്ചു. സിനിമ ഈ മാസം 25നാണ്  പ്രദര്‍ശിപ്പിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.