ആനയെ എഴുന്നള്ളിക്കുന്നതിന് കര്‍ശന മാനദണ്ഡം

Saturday 20 January 2018 2:15 am IST


ആലപ്പുഴ: സാമൂഹിക വനവത്കരണ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത ക്ഷേത്രങ്ങളിലും ഉത്സവത്തിലും അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നാട്ടാനപരിപാലന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.
  2015 സപ്തംബര്‍ 28നു മുമ്പായി സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉത്സവങ്ങളില്‍ മാത്രമേ ആന എഴുന്നള്ളത്ത് അനുവദിക്കാറുള്ളൂ. രജിസ്റ്റര്‍ ചെയ്ത എണ്ണം ആനകളെയേ ഉപയോഗിക്കാന്‍ പാടുള്ളൂ. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉത്സവങ്ങളില്‍ ആന എഴുന്നള്ളത്ത് നടത്തുമ്പോള്‍ ചുരുങ്ങിയത് 72 മണിക്കൂറിനു മുമ്പെങ്കിലും വിവരം ബന്ധപ്പെട്ട റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലും പോലീസ് സ്റ്റേഷനിലും എലിഫന്റ് സ്‌ക്വാഡിലും അറിയിക്കണം.
  എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. മിക്ക ഉത്സവക്കമ്മറ്റികളും ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. മുന്‍കൂട്ടി ബുക്ക് ചെയ്ത ആനയ്ക്ക് പകരം മറ്റ് ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുമ്പോള്‍ വിവരം രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസുകളില്‍ അറിയിക്കണം.
  ഉത്സവങ്ങള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ കുതിര, ഒട്ടകം എന്നിവയെ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണം. നിര്‍ദ്ദേശം പാലിക്കാത്ത ഉത്സവകമ്മിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.