അന്ത്യകൂദാശ അടുത്തുവരുന്ന പാര്‍ട്ടികളുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്: കാനം

Saturday 20 January 2018 2:45 am IST

കുറ്റ്യാടി: കെ.എം.മാണിയുടെ എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ സിപിഐയുടെ അഭിപ്രായഭിന്നത ആവര്‍ത്തിച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്ത്യകൂദാശ അടുത്തുവരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്ററായി മാറേണ്ട സാഹചര്യം എല്‍ഡിഎഫിനില്ലെന്നാണ് കാനം പറഞ്ഞത്. കുറ്റ്യാടിയില്‍ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണാറായി വിജയനുള്ള പരോക്ഷ മറുപടിയാണിത്.

മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ്  ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ചയ്ക്ക് വരുമ്പോള്‍ നിലപാട് വ്യക്തമാക്കും. സിപിഎം ദുര്‍ബലപ്പെട്ടാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഐ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് പലകാര്യങ്ങള്‍ക്കും മറുപടി പറയാത്തത്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളെക്കൂടി ഐക്യപ്പെടുത്തണം. അന്തര്‍ദേശീയ വിഷയങ്ങളില്‍ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടാണ് ഉള്ളതെങ്കിലും ചില കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. കോടിയേരിയുടെ ചൈന പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ച് കാനം പറഞ്ഞു. 

കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും  ഒരിടത്തുപോലും വിമര്‍ശിക്കാതെ മാണിയെയും സിപിഎമ്മിനെയും പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു കാനത്തിന്റെ പ്രസംഗം. മുന്നണി വിപുലീകരണം നയപരമായി യോജിക്കുന്നവരെ ഉള്‍പ്പെടുത്തിയാവണം. പല ഘട്ടങ്ങളിലായി മുന്നണി വിട്ടുപോയവര്‍ എല്‍ഡിഎഫിലേക്ക് തിരിച്ചു വരണമെന്നത് സിപിഐയുടെ എക്കാലത്തേയും നിലപാടാണെന്നും കാനം പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍,വി. എസ്. സുനില്‍കുമാര്‍, കെ. ഇ. ഇസ്മയില്‍,സി.എന്‍.ചന്ദ്രന്‍, ബിനോയ് വിശ്വം,സത്യന്‍മൊകേരി,ജെ.ചിഞ്ചുറാണിഎന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.