പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി

Saturday 20 January 2018 2:45 am IST

കൊച്ചി: പാറ്റൂര്‍ ഭൂമിക്കേസില്‍ ലോകായുക്തമുമ്പാകെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട് വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ഹൈക്കോടതി. കേസ്  റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്ത ഈ കേസില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജേക്കബ് തോമസ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇതിലുള്ള അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി.  

പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്. ഈ കേസിലുള്‍പ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് മുമ്പ് ലോകായുക്തയില്‍ ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ജേക്കബ് തോമസിനോടു വിശദീകരണം തേടിയിരുന്നു.

തുടര്‍ന്ന് നേരിട്ട് ഹാജരായ ജേക്കബ് തോമസ് സെറ്റില്‍മെന്റ് രജിസ്റ്ററിലല്ല, അനുബന്ധ രേഖകളിലാണ് ക്രമക്കേടെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ലോകായുക്തക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ അതു പറയണമെന്നും ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജേക്കബ് തോമസ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിജിലന്‍സ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.