ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി ഭൂഗര്‍ഭജലം താഴുന്നു; കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതി

Saturday 20 January 2018 2:00 am IST
വേനല്‍ ശക്തമായതോടെ ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതിയായി. കിണറുകള്‍ തമ്മിലുള്ള അകലത്തിന് മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും അവ കാറ്റില്‍പ്പറത്തിയാണ് കുഴിക്കുന്നത്. ജനുവരി അവസാനിക്കും മുമ്പേ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസ്രോതസുകള്‍ മിക്കതും വറ്റിത്തുടങ്ങി. ഭൂഗര്‍ഭ ജലത്തിന്റെ തോത് താഴേക്ക് പോയതാണ് ഇതിന് കാരണം.

 

കോട്ടയം: വേനല്‍ ശക്തമായതോടെ ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതിയായി. കിണറുകള്‍ തമ്മിലുള്ള അകലത്തിന് മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും അവ കാറ്റില്‍പ്പറത്തിയാണ് കുഴിക്കുന്നത്. ജനുവരി അവസാനിക്കും മുമ്പേ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസ്രോതസുകള്‍ മിക്കതും വറ്റിത്തുടങ്ങി. ഭൂഗര്‍ഭ ജലത്തിന്റെ തോത് താഴേക്ക് പോയതാണ് ഇതിന് കാരണം. ഭൂഗര്‍ഭജലം താഴാന്‍ മുഖ്യകാരണം നിയമം ലംഘിച്ചുള്ള കുഴല്‍ കിണര്‍ നിര്‍മാണമാണ്. 

കഴിഞ്ഞ വര്‍ഷം വേനല്‍ നേരിടുന്നതിന് മുന്നൊരുക്കമെന്ന നിലയില്‍ കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണത്തിന് കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ അതുണ്ടായിട്ടില്ല. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. 

കുഴല്‍ക്കിണറിന്റെ താഴ്ച 120 മീറ്ററില്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇത് പാലിക്കാതെ വെള്ളക്കച്ചവടക്കാര്‍ കിണര്‍ കുഴിക്കുകയാണെന്നാണ് ആക്ഷേപം. 

    ജില്ലയില്‍ കിണര്‍ നിര്‍മ്മാണത്തിന് 11 ഏജന്‍സികള്‍ക്ക് മാത്രമാണ് ഭൂജലവകുപ്പ്  ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍  അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ എത്തുന്നുണ്ട്. ഇവരാണ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതിന് മുഖ്യകാരണക്കാര്‍. നിയമങ്ങള്‍ പാലിക്കാതെയാണ് ഇവരുടെ പ്രവര്‍ത്തനം. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയെത്തുന്ന ഇത്തരക്കാര്‍ വന്‍ തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറുകുന്നുമില്ല.

കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് സംസ്ഥാനത്ത് പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ ഏതുസമയത്തും അനുവാദം വാങ്ങേണ്ടതുള്ളത്. രാത്രിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യന്ത്രത്തിന്റെ ശബ്ദം കാതടപ്പിക്കുന്നതാണ്. വാര്‍ഷിക പരീക്ഷകള്‍ അടുത്തിരിക്കെ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും സാധിക്കുന്നില്ല. രാത്രി പത്ത് മണിക്ക് ശേഷം നിരോധനമുണ്ടെങ്കിലും ഇത് പാലിക്കാറില്ല. രാത്രി കുഴല്‍ക്കിണര്‍ നിര്‍മ്മാണം നടന്നാല്‍ പോലീസില്‍ പരാതിപ്പെടാവുന്നതാണ്. ജില്ലയില്‍ ഈ വര്‍ഷം കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഭൂഗര്‍ഭ ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.