കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ച് വിഎസ്; വോട്ടെടുപ്പ് ഒഴിവാക്കാന്‍ യച്ചൂരി

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച് സമവായത്തിലെത്താതെ കേന്ദ്ര കമ്മറ്റി. കൊല്‍ക്കത്തയില്‍ ഇന്നലെ ആരംഭിച്ച കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും രേഖകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഇരുപക്ഷവും ഉറച്ചുനില്‍ക്കുകയാണ്. ബിജെപിയാണ് മുഖ്യശത്രുവെന്ന് രണ്ട് വിഭാഗവും വ്യക്തമാക്കുമ്പോഴും കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കാമെന്നാണ് യെച്ചൂരിയുടെ നിലപാട്. എന്നാല്‍ ഒരു തരത്തിലുള്ള ധാരണയും പാടില്ലെന്ന് കാരാട്ട് പക്ഷം വാദിക്കുന്നു. 

 തര്‍ക്കം തുടരുന്നതിനിടെ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു. ബിജെപിയാണ് ഏറ്റവും വലിയ വെല്ലുവിളി. ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തില്‍ തെറ്റില്ല. പാര്‍ട്ടി പ്രായോഗിക നിലപാട് സ്വീകരിക്കണം. വിഎസ് ചൂണ്ടിക്കാട്ടി. 

 ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കേന്ദ്രകമ്മറ്റിയില്‍ എത്തിക്കാന്‍ യെച്ചൂരി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഹകരണത്തിന്റെ ശക്തനായ വക്താവയ ബുദ്ധദേവ് പ്രഖ്യാപിത കാരാട്ട് വിരുദ്ധനുമാണ്. മുതിര്‍ന്ന നേതാവിനെ ഉപയോഗിച്ച് കേന്ദ്ര കമ്മറ്റിയില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് യെച്ചൂരിയുടെ നീക്കം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഏറെക്കാലമായി ബുദ്ധദേവ് യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. വിഷയത്തില്‍ ബംഗാള്‍ ഘടകമൊന്നടങ്കം യച്ചൂരിക്കൊപ്പമാണ്. കേരള ഘടകത്തില്‍ വി.എസ്. ഒവികെയുള്ളവര്‍ കാരാട്ട് പക്ഷത്തും. 

 സമവായം അകലുന്നതോടെ വോട്ടെടുപ്പിനും കാരാട്ട് വിഭാഗം നീക്കമാരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ഒരു രേഖ മതിയെന്നും എതിരഭിപ്രായമുള്ളവര്‍ക്ക് അവിടെ ഉന്നയിക്കാമെന്നുമാണ് കാരാട്ടിന്റെ നിലപാട്. സമവായത്തിലെത്തണണെന്നാണ് യെച്ചൂരിയും ആഗ്രഹിക്കുന്നത്. വോട്ടെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്ന ഭീതിയുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്നും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള യെച്ചൂരിയുടെ മോഹം കാരാട്ട് പക്ഷം നേരത്തെ വെട്ടിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.