ആര് പഠിക്കണം? ആര് പഠിപ്പിക്കണം? പാർട്ടി തീരുമാനിക്കും

Saturday 20 January 2018 2:45 am IST
ആര് പഠിക്കണമെന്ന് മാത്രമല്ല, ആര് പഠിപ്പിക്കണമെന്നും ത്രിപുരയില്‍ പാര്‍ട്ടി തീരുമാനിക്കും. അങ്ങനെയാണ് സംസ്ഥാനത്ത് അധ്യാപക അഴിമതി നിയമനങ്ങളുടെ പരമ്പര അരങ്ങേറിയത്. 2014 മെയ് ഏഴിന് 10323 അധ്യാപകരുടെ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അഴിമതി ചര്‍ച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ (എന്‍സിടിഇ) നിര്‍ദ്ദേശങ്ങള്‍ എന്നിവ ലംഘിച്ചെന്നും ഭരണഘടനാ വിരുദ്ധമാണ് നടപടിയെന്നും സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് പുതിയ നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയേറ്റു.

ഖൊവായ് ജില്ലയിലെ കൃഷ്ണമനി പറ വനവാസി ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍. പഴകി ദ്രവിച്ച ഇരുമ്പ് വാതിലുകളും തകര ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയും. മുറ്റത്തെ ചെറിയ മൈതാനത്ത് ഇരുപതോളം കുട്ടികള്‍ ഫുട്‌ബോള്‍ കളിയുടെ രസത്തിലാണ്. ഉച്ചഭക്ഷണമുള്ളതിനാലാണ് അവധി ദിനത്തിലും കുട്ടികളെത്തുന്നത്. പ്രധാനാധ്യാപകന്‍ റൊമേശ് ചന്ദ്ര ദെബ്ബര്‍മ്മയുടെ ഓഫീസ് മുറിയെ അലങ്കരിച്ച് നെഹ്‌റുവിന്റെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍.

ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി 48 കുട്ടികള്‍ പഠിക്കുന്നു. മൂന്ന് അധ്യാപകര്‍. അഞ്ചാം ക്ലാസ് കഴിഞ്ഞാല്‍ 17 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളാണ് ആശ്രയം. പണമില്ലാത്തതിനാല്‍ വനവാസികള്‍ പഠിപ്പിക്കില്ല. ഒരു ഗ്രാമത്തില്‍ ഒരാളെ സര്‍ക്കാര്‍ സൗജന്യമായി പഠിപ്പിക്കും. അതായത് സ്‌കൂളിലെ 48 കുട്ടികളില്‍ പഠനം തുടരുന്നത് ഒരാള്‍ മാത്രം. 35 കുടുംബങ്ങളുണ്ട് ഗ്രാമത്തില്‍. പഠിക്കാന്‍ മിടുക്കരായ നിരവധി കുട്ടികളും. 

കഴിഞ്ഞ തവണ മൂന്ന്  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതരെ സമീപിച്ചിരുന്നതായി റൊമേഷ് ചന്ദ്ര പറഞ്ഞു. ഞങ്ങളല്ല, അതൊക്കെ പാര്‍ട്ടി (സിപിഎം)യാണ് തീരുമാനിക്കുന്നതെന്നായിരുന്നു മറുപടി. പാര്‍ട്ടിയോട് പറഞ്ഞെങ്കിലും താല്‍പര്യമെടുത്തില്ല, അദ്ദേഹം വിശദീകരിച്ചു. ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള നിരാശ പ്രദേശവാസിയായ വികാസ് ദെബ്ബര്‍മ്മയും മറച്ചുവെച്ചില്ല. ജീവിതത്തില്‍ പുരോഗതിയൊന്നുമില്ല. വര്‍ഷങ്ങളായി ഇതേ സാഹചര്യമാണ്. പുതിയ തലമുറയ്ക്കും പ്രതീക്ഷിക്കാനൊന്നുമില്ല, വികാസ് പറഞ്ഞു. 

ആര് പഠിക്കണമെന്ന് മാത്രമല്ല, ആര് പഠിപ്പിക്കണമെന്നും ത്രിപുരയില്‍ പാര്‍ട്ടി തീരുമാനിക്കും. അങ്ങനെയാണ് സംസ്ഥാനത്ത് അധ്യാപക അഴിമതി നിയമനങ്ങളുടെ പരമ്പര അരങ്ങേറിയത്. 2014 മെയ് ഏഴിന് 10323 അധ്യാപകരുടെ നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അഴിമതി ചര്‍ച്ചയായത്. വിദ്യാഭ്യാസ അവകാശ നിയമം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ (എന്‍സിടിഇ) നിര്‍ദ്ദേശങ്ങള്‍ എന്നിവ ലംഘിച്ചെന്നും ഭരണഘടനാ വിരുദ്ധമാണ് നടപടിയെന്നും സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് പുതിയ നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയേറ്റു. അധ്യാപകരെ ഡിസംബര്‍ 31ന് മുന്‍പ് പിരിച്ചുവിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖല അപകടത്തിലാകുമെന്ന വാദം കണക്കിലെടുത്ത് ആറ് മാസത്തേക്ക് കോടതി നിയമനം നീട്ടിനല്‍കി. പന്ത്രണ്ടായിരത്തോളം അധ്യാപക ഇതര തസ്തിക സൃഷ്ടിച്ച് ഇവരെ പുനര്‍വിന്യസിക്കാന്‍ നീക്കം നടത്തിയെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചു. 

തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ് അധ്യാപകരുടെ പ്രശ്‌നം. അരലക്ഷം പേരെയെങ്കിലും ബാധിക്കുന്നതാണ് ഉത്തരവ്. ജോലി നഷ്ടപ്പെട്ടവര്‍ സംഘടന രൂപീകരിച്ച് സമരമുഖത്തുണ്ട്. അധികാരത്തിലെത്തിയാല്‍ ജോലി ഉറപ്പാക്കുമെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. ഇത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് സംഘടനയുടെ നേതാവ്  ഉത്തംകുമാര്‍ ദേ പറയുന്നു. ഹൈക്കോടതി വിധിക്കുശേഷം അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പതിനഞ്ചോളം പേര്‍ ആത്മഹത്യ ചെയ്തു. വിഷാദരോഗത്തിന്റെ പിടിയിലാണ് പലരും. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് അടുത്തിടെ സംഘടന കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറെ സന്ദര്‍ശിച്ചിരുന്നു. ഒറ്റയടിക്കുള്ള കൂട്ട പിരിച്ചുവിടല്‍ വിദ്യാഭ്യാസ മേഖലയെ താറുമാറാക്കുമെന്നും സംസ്ഥാനത്ത് പൊതുവികാരമുണ്ട്. ബിജെപിയെ പിന്തുണച്ച് അധ്യാപകര്‍ റാലി സംഘടിപ്പിച്ചു. 

 അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കണം. സമാനമായ അഴിമതിയിലാണ് ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഒ.പി. ചൗട്ടാലയ്ക്ക് പത്ത് വര്‍ഷം തടവ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാര്‍ നിയമിച്ച ആധ്യാപകരില്‍ 1100 പേര്‍ക്ക് മാത്രമാണ് ബിരുദാനന്തര ബിരുദമുണ്ടായിരുന്നത്. 4617 അധ്യാപകര്‍ക്ക് ബിരുദവും. 4606 പേര്‍ക്ക് ബിരുദ യോഗ്യത പോലും ഉണ്ടായിരുന്നില്ല. ത്രിപുരയിലെ യാഥാര്‍ത്ഥ്യമറിയുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതാണ് 94.65 ശതമാനം സാക്ഷരതാനിരക്ക്. 

നാളെ: മരണം മലേറിയായെത്തുന്ന ഗോത്രജീവിതങ്ങള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.