നദാല്‍, കിര്‍ഗിയോസ് നാലാം റൗണ്ടില്‍

Saturday 20 January 2018 2:45 am IST

മെല്‍ബണ്‍: ലോക ഒന്നാം നമ്പറായ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുതിപ്പ് തുടരുന്നു. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ നാലാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. മൂന്നാം റൗണ്ടില്‍ ഡാമിര്‍ സുംഹറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-1, 6-3, 6-1. നാലാം റൗണ്ടില്‍ നദാല്‍ ഡീഗോ ഷാര്‍ട്ട്‌സ്മാനെ നേരിടും.

കുട്ടിക്കാലത്തെ തന്റെ ആരാധനാ മൂര്‍ത്തിയായ ജോ - വില്‍ഫ്രീഡ് സോഗയെ തകര്‍ത്ത് നിക്ക് കിര്‍ഗിയോസ് നാലാം റൗണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ സോംഗയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. 7-6 (5), 4-6, 7-6 (6), 7-6 (5).

മൂന്നാം സീഡായ ഗ്രിഗര്‍ ദിമിത്രോവാണ് നാലാം റൗണ്ടില്‍ കിര്‍ഗിയോസിന്റെ എതിരാളി. ബള്‍ഗേറിയന്‍ താരമായ ദമിത്രോവ് മൂന്നാം റൗണ്ടില്‍ റഷ്യയുടെ യുവ താരം ആന്ദ്രെ റുബ്‌ലേവിനെ തോല്‍പ്പിച്ചു. 6-3,4-6, 6-4, 6-4.

ഗില്‍സ് മുള്ളറെ നാലു സെറ്റ് നീണ്ട   ശക്തമായ പോരാട്ടത്തില്‍ കീഴടക്കി സ്പാനിഷ് താരമായ പാബ്‌ളോ കരേനോ ബുസ്റ്റ നാലാം റൗണ്ടില്‍ പ്രവേശിച്ചു. പത്താം സീഡായ പബ്‌ളോ ഇതാദ്യമായാണ് മെല്‍ബണില്‍ പ്രീ -ക്വാര്‍ട്ടറിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ സെമിഫൈനലിസ്റ്റായ ബുസ്റ്റ 7-6 (7-4), 4-6, 7-5, 7-5 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. മത്സരം മൂന്ന് മണിക്കൂര്‍ പതിനെട്ട് മിനിറ്റ് നീണ്ടു.

ബെല്‍ജിയത്തിന്റെ എലിസ മെര്‍ട്ടന്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിസ് കോര്‍നെറ്റിനെ അനായാസം തോല്‍പ്പിലച്ചു. 7-5, 6-4.

ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിക്ക് മൂന്നാം റൗണ്ടില്‍ പുറത്തായി. ഇറ്റലിയുടെ ആന്ദ്രെയസ് സെപ്പി അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കാര്‍ലോവിക്കിനെ അട്ടിമറിച്ചു. 6-3, 7-6 (7-4), 6-7 (3-7), 6-7 (5-7), 9-7. മത്സരം മൂന്ന്  മണിക്കൂര്‍ 51 മിനിറ്റ് നീണ്ടു.

സ്‌പെയിനിന്റെ കാര്‍ല സുവാരസ് നവാരോ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കായ് കനേപിയെ തകര്‍ത്ത് നാലാം റൗണ്ടിലെത്തി. 3-6, 6-1, 6-3.

ഉക്രെയ്‌നിന്റെ കൗമരപ്രായക്കാരിയായ മാര്‍ട്ട കോസ്റ്റയുക്ക് മൂന്നാം റൗണ്ടില്‍ നാലാം സീഡായ എലിന സിറ്റോലിനയോട് തോറ്റു. 6-2, 6-2.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.