ഫിഞ്ചിന്റെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം

Saturday 20 January 2018 2:45 am IST

ബ്രിസ്‌ബെയ്ന്‍: ടെസ്റ്റിലെ ദയനീയ പരാജയം മറന്ന ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34 പന്തുകള്‍ ബാക്കിനിര്‍ത്തി 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടി ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. 114 പന്തുകള്‍ നേരിട്ട ഫിഞ്ച് ഒമ്പത് ഫോറും ഒരു സിക്‌സറുമടക്കം 106 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കവും ടീമിന് നല്‍കി. 40 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലിയുടെ പന്തില്‍ റൂട്ട് പിടികൂടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (18), ട്രവിസ് ഹെഡും (7) നിരാശപ്പെടുത്തി. മിച്ചല്‍ മാര്‍ഷ് 36 റണ്‍സെടുത്ത് ഫിഞ്ചിന് നല്ല പിന്തുണ നല്‍കി. അലക്‌സ് കാരെ 27 റണ്‍സും നേടി. ഇംഗ്ലണ്ടിനായി ആദില്‍ റഷിദും ജോ റൂട്ടും രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

271 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് രണ്ട് റണ്‍സെടുത്ത ജാസണ്‍ റോയിയെ തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാല്‍ ബെയര്‍സ്‌റ്റോവും (60), ഹെയ്ല്‍സും (57) ചേര്‍ന്ന് നേടിയ 117 റണ്‍സിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാല്‍ പത്ത് റണ്‍സിനിടെ ഇരുവരും മടങ്ങിയതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിസന്ധിയില്‍. പിന്നീട് ജോ റൂട്ട് (പുറത്താകാതെ 46), ബട്ട്‌ലര്‍ (42), വോക്‌സ് (പുറത്താകാതെ 39), ക്യാപ്റ്റന്‍ മോര്‍ഗന്‍ (21) എന്നിവരുടെ മികച്ച പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും റിച്ചാര്‍ഡ്‌സണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നാം ഏകദിനം നാളെ സിഡ്‌നിയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.