ജഡ്ജിമാരുടെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് തള്ളി

Saturday 20 January 2018 2:45 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെത്തുന്ന കേസുകള്‍ ജഡ്ജിമാര്‍ക്ക് വിഭജിച്ചു നല്‍കുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നതടക്കം പ്രതിഷേധ ശബ്ദമുയര്‍ത്തിയ നാലു ജഡ്ജിമാരുടെ ആവശ്യങ്ങളെല്ലാം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. ഇതോടെ സുപ്രീംകോടതിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. 

മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ചുകളിലേക്ക് കേസുകള്‍ ലഭിക്കുന്നില്ല എന്നതായിരുന്നു ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുടെ പ്രധാന പരാതി. ഇതിന് പരിഹാരമായി കേസ് വിഭജനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള കത്തും ഇവര്‍ ചീഫ് ജസ്റ്റിസിന് കൈമാറി. എന്നാല്‍ കേസുകള്‍ ആര്‍ക്ക് നല്‍കണം എന്നത് ചീഫ് ജസ്റ്റിസിന്റെ മാത്രം വിവേചനാധികാരമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര വീണ്ടും വ്യക്തമാക്കിയതോടെയാണ് പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ഭൂരിഭാഗം കേസുകളും ജഡ്ജിമാര്‍ക്ക് അനുവദിക്കുന്നത് കംപ്യൂട്ടര്‍ സംവിധാനം വഴിയാണ്. എന്നാല്‍ സുപ്രധാന കേസുകള്‍ ഏതു ബെഞ്ച് പരിഗണിക്കണം എന്ന തീരുമാനം മാത്രം ചീഫ് ജസ്റ്റിസാണ് എടുക്കുന്നത്. വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ നടക്കുന്ന സംവിധാനം ഇതാണെന്നും താനായി പുതുതായി ഏര്‍പ്പെടുത്തിയതല്ല ഈ ക്രമീകരണമെന്നുമാണ് ദീപക് മിശ്രയുടെ വാദം. മറ്റൊരു ചീഫ് ജസ്റ്റിസിനോടും ഉയര്‍ത്താത്ത വാദമാണ് ഈ നാലുപേരും തന്നോട് ഉയര്‍ത്തുന്നതെന്നും അദ്ദേഹം സഹജഡ്ജിമാരെ അറിയിച്ചു. 

ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിക്കണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളിയിട്ടുണ്ട്. ആവശ്യങ്ങള്‍ എല്ലാം പരിഗണിക്കാം എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ മറ്റു യാതൊരു തീരുമാനത്തിലേക്കും ചീഫ് ജസ്റ്റിസ് കടക്കുന്നില്ല. പത്രസമ്മേളനം നടത്തിയ ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ എ.കെ സിക്രി, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.