സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്ക ഉഴലുന്നു

Saturday 20 January 2018 12:10 pm IST

വാഷിംഗ്ടണ്‍: അമേരിക്ക രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. നിര്‍ണായക വിഷയങ്ങളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ഭിന്നതയ്ക്കിടെയാണ് ബജറ്റ് വോട്ടിന് കൊണ്ടുവന്നത്. ഇന്നലെ അര്‍ദ്ധരാത്രിയ്ക്കുള്ളില്‍ പാസാകേണ്ടിയിരുന്ന ബജറ്റ് പാസാക്കാന്‍ അവസാന നിമിഷം വരെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു.

ബജറ്റ് പാസാക്കാന്‍ കഴിയാതെ പോയതോടെ ട്രഷറിയില്‍ നിന്നുള്ള ധനവിനിയോഗം പൂര്‍ണ്ണമായും മുടങ്ങും. പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പല സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തന ചെലവിനുള്ള ബജറ്റ് ബില്‍ ആണ് പാസാക്കാന്‍ കഴിയാതെ പോയത്. ബില്‍ പാസാക്കുന്നതിന് ആവശ്യമായ 60 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. 51 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ അഞ്ചു പേര്‍ മാറി വോട്ട് ചെയ്തു എന്നാണ് കരുതുന്നത്.

വ്യാഴാഴ്ച രാത്രി വരെ നീണ്ട ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പില്‍ ബില്‍ 197നെതിരെ 230 വോട്ടിന് പാസാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സെനറ്റില്‍ എത്തിയത്. ട്രഷറി പൂട്ടിയാലും അടിയന്തര സര്‍വീസുകളുടെ പ്രവര്‍ത്തനം തുടരും. ദേശീയ സുരാക്ഷ, പോസ്റ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ആരോഗ്യമേഖല, ദുരന്ത നിവാരണം, ജയില്‍, നികുതി, വൈദ്യുതി ഉത്പാദനം എന്നിവയുടെ പ്രവര്‍ത്തനം തുടരാന്‍ കഴിയും. എന്നാല്‍ ദേശീയ പാര്‍ക്കുകളും സ്മാരകങ്ങളും അടച്ചുപൂട്ടും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അമേരിക്ക സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. 2013ലും 16 ദിവസത്തേക്ക് ഖജനാവ് അടച്ചിട്ടിരുന്നു. ഒരു മാസത്തേക്ക് പ്രതിസന്ധി വന്നാലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് നടത്തുന്ന നിര്‍ണായക ചര്‍ച്ചകളിലുടെ എതിര്‍പ്പുള്ള അംഗങ്ങളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. അടുത്ത ഒന്നോ രണ്ടോ പ്രവൃത്തിദിനം കൊണ്ട് ഇത് മറികടക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഈ ആഴ്ച വസാനം ഫ്ളോറിഡയിലെ ഗോള്‍ഫ് ക്ലബിലേക്ക് നടത്താനിരുന്ന യാത്ര ട്രംപ് റദ്ദാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.