ബോഗികളുടെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു

Sunday 21 January 2018 2:00 am IST

 

പാറശ്ശാല: നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ ട്രെയിനില്‍ ബോഗികളുടെ എണ്ണം കുറവായത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രാവിലെ ജോലിക്കു പോകേണ്ടവര്‍ക്ക് തിക്കും തിരക്കും കാരണം യാത്ര ദുരിതപൂര്‍ണമാകുന്നു.

സംസ്ഥാനാതിര്‍ത്തിയിലെ റെയില്‍വേസ്റ്റേഷനായ പാറശ്ശാല ഇഞ്ചിവിളയില്‍ പ്രതിദിനം ആയിരത്തിലധികം യാത്രക്കാരാണ് റെയില്‍വേസ്റ്റേഷനെ ആശ്രയിക്കുന്നത്. ഇവിടെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും യാത്രക്കാരെ വലയ്ക്കുന്നു. മഴ അധികമായാല്‍ ഒതുങ്ങിനില്‍ക്കാനുള്ള സ്ഥലവും പരിമിതമാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമില്ല. 

രാവിലെ നാഗര്‍കോവിലില്‍നിന്ന് തിരിക്കുന്ന തിരുവനന്തപുരം പാസഞ്ചര്‍ പതിമൂന്നോളം സ്റ്റേഷനുകളിലാണ് നിര്‍ത്തുന്നത്. നിത്യേന മൂവായിരത്തിലധികം യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. ബോഗികളുടെ എണ്ണം കുറവായതിനാല്‍ പലപ്പോഴും വാതിലില്‍ തൂങ്ങിയാണ് യാത്ര. വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോകുന്ന ട്രെയിനിലും അവസ്ഥ ഇതുതന്നെയാണ്. 

സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുടെയും വിദ്യാര്‍ഥികളുടെയും ഏകആശ്രയം ഈ പാസഞ്ചറാണ്. അടിയന്തരമായി റെയില്‍അധികൃതര്‍ ഇടപ്പെട്ട് ബോഗികളുടെ എണ്ണം വര്‍ധിപ്പി ക്കണമെന്ന അവശ്യം ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.