ദളിത് യുവാക്കളെ കൊന്ന ആറു പേര്‍ക്ക് വധശിക്ഷ

Saturday 20 January 2018 8:45 pm IST

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ മൂന്ന് ദളിത് യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ. നാസിക്ക് സെഷന്‍സ് കോടതിയുടേതാണ് വിധി. 2013 ജനുവരി  ഒന്നിനായിരുന്നു സച്ചിന്‍ ഗാരു(24), സന്ദീപ് തന്‍വര്‍(25), രാഹുല്‍ കാന്ദ്രേ (20) എന്നീ ദളിത് യുവാക്കള്‍ കൊല്ലപ്പെട്ടത്.

രമേഷ് വിശ്വനാഥ് ദരന്താലെ, പ്രകാശ് വിശ്വനാഥ് ദരന്താലെ, രഘുനാഥ് വിശ്വനാഥ് ദരന്താലെ, പ്രവീണ്‍ ദരന്താലെ, സന്ദീപ് കുര്‍ഹെ, അശോക് ഫാല്‍കെ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 

കൊല്ലപ്പെട്ട സച്ചിന്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയുമായി പ്രണത്തിലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.  സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെന്ന വ്യാജേന പ്രതികള്‍ സച്ചിന്‍ ഗാരുവിനെ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും പ്രണയവുമായി യാതൊരു ബന്ധവുമില്ലാഞ്ഞിട്ടും കൂടെ വന്ന രണ്ട് പേരെ നിര്‍ദയമായി കൊലപ്പെടുത്തുകയായിരുന്നു എന്നും  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു. അഹമ്മദ്‌നഗറിലെ ഒരു കോളേജില്‍ ജോലി ചെയ്തിരുന്ന സച്ചിന്‍ പ്രതികളിലൊരാളായ രഘുനാഥ് വിശ്വനാഥ് ദരെന്താലെയുടെ മകളുമായി അവിടെവെച്ച് പ്രണയത്തിലാകുകയായിരുന്നു ഇതാണ് ദുരഭിമാനികളായ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികളെ  കൊലപാതകത്തിന് പേരിപ്പിച്ചതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സച്ചിന്റെ ശരീരം സെപ്ടിക് ടാങ്കില്‍ നിന്നും മറ്റ് രണ്ട് പേരുടെ വെട്ടിനുറുക്കിയ മൃതദേഹങ്ങള്‍ സമീപത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നുമായിരുന്നു പൊലീസ് കണ്ടെത്തിയത്. സെപ്ടിക് ടാങ്കില്‍ ഒരാള്‍ വീണ് കിടക്കുന്നു എന്ന പ്രതികളിലൊരാളുടെ പരാതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് മൃതദേഹങ്ങളും പോലീസ് കണ്ടെത്തിയത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.