ബോധഗയയില്‍ ബോംബുകള്‍; എന്‍ഐഎ സംഘമെത്തി

Saturday 20 January 2018 9:23 pm IST

പാട്‌ന: ബീഹാറിലെ ബോധ ഗയ തീര്‍ഥാടന കേന്ദ്രത്തില്‍ രണ്ട് ബോംബുകള്‍ കണ്ടെത്തി. ചെറിയ ഒരു പൊട്ടിത്തെറി നടന്ന ശേഷം  നടത്തിയ വിശദമായ പരിശോധനയിലാണ് വന്‍ സ്‌ഫോടന ശേഷിയുള്ള  രണ്ടു ബോംബുകള്‍ കണ്ടെത്തിയത്. 

ഈ മാസം ഒന്നിന് ഇവിടെ ബുദ്ധമതാചാര്യന്‍ ദലൈലാമ എത്തിയിട്ടുണ്ട്. ഒരു മാസം അദ്ദേഹം ഇവിടെ താമസിക്കും. ആ പശ്ചാലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മഹാബോധി ക്ഷേത്രത്തിന്റെ ഒരു കവാടത്തിനരുകിലായിട്ടാണ് ബോംബുകള്‍ കണ്ടെത്തിയത്. ശ്രീബുദ്ധന് ബോധോദയം ഉണ്ടായ സ്ഥലമാണ് ഇത്.

അതിനിടെ സ്‌ഫോടനം ഉണ്ടായ സ്ഥലത്ത് എന്‍ഐഎ സംഘം എത്തി. എസ്‌പിയും സ്‌ഫോടക വസ്തു വിദഗ്ധനും ഉള്‍പ്പെട്ട സംഘം സ്ഥലം പരിശോധിക്കും. സ്‌ഫോടനത്തിന് ഏതുതരം ബോംബാണ് ഉപയോഗിച്ചത്, കണ്ടെത്തിയത് ഏതു തരം ബോംബുകളാണ് തുടങ്ങിയവ കണ്ടെത്തുകയാകും സംഘത്തിന്റെ ആദ്യ ദൗത്യം. വെള്ളിയാഴ്ച ബോധഗയയിലെ കാലചക്ര ഗ്രൗണ്ടിലാണ്  സ്‌ഫോടനം നടന്നത്. ഫ്‌ളാസ്‌കിലാണ് ബോംബ് വച്ചിരുന്നതെന്ന് സൂചനയുണ്ട്.

ദലൈലാമ പ്രസംഗം നടത്തി മടങ്ങിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. മ്യാന്‍മറിലെ റോഹിങ്ക്യന്‍ കലാപത്തിന്റെ പേരില്‍ ബുദ്ധമത കേന്ദ്രങ്ങള്‍ ആക്രമിക്കാനും ആചാര്യന്മാരെ  വകവരുത്താനും പദ്ധതിയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.