ജസ്റ്റിസ് ലോയ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും

Saturday 20 January 2018 10:37 pm IST

ന്യൂദല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്  പരിഗണിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച അരുണ്‍ മിശ്രയുടെ ബെഞ്ച് കേസ് ഇനി കേള്‍ക്കാനില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കേസിലെ നടപടികള്‍ മാറ്റിയത്. 

ജസ്റ്റിസ് ലോയയുമായി ബന്ധപ്പെട്ട ഹര്‍ജി ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് മാറ്റിയതിനെതിരെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ തീരുമാനം.

കേസ് പരിഗണിച്ച ബെഞ്ചിന് മുമ്പാകെ പോസ്റ്റ്‌മോര്‍ട്ടം, മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്, ഹിസ്‌റ്റോപതോളജി, ഇലക്ട്രോ കാര്‍ഡിയോഗ്രാഫി എന്നിങ്ങനെ നാലു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ജസ്റ്റിസ് ലോയയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹന്യായാധിപന്മാരുടെ മൊഴികളും കോടതിയില്‍ കൊടുത്തിട്ടുണ്ട്. ഇതെല്ലാം നാളെ കോടതി പരിഗണനയ്‌ക്കെടുക്കും. 

മഹാരാഷ്ട്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷമാണ് കേസ് ഒരാഴ്ച കഴിഞ്ഞ പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചത്. എന്നാല്‍ വിശദമായ വിധിപ്പകര്‍പ്പ് വന്നപ്പോള്‍ മാത്രമാണ് ബെഞ്ച് മാറുമെന്ന കാര്യം വ്യക്തമായത്. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് എഴുതിയ അരുണ്‍ മിശ്ര, കേസ് പരിഗണിക്കുന്നത് സംബന്ധിച്ച തീരുമാനം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.