വണ്ടിപ്പെരിയാര്‍ പഴയപാലത്തിന്റെ കൈവരികള്‍ തകര്‍ന്നു

Saturday 20 January 2018 8:33 pm IST
വണ്ടിപ്പെരിയാര്‍ പഴയപാലത്തിന്റെ കൈവരികള്‍ തകര്‍ന്നു പീരുമേട്: വണ്ടിപ്പെരിയാറിലെ പഴയപാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. പഴയ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിച്ചത്. ഇതിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിലെ അപാകത മൂലം കിഴക്കുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പഴയ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നടയാത്രക്കാരാണ് ഇതുവഴി പോകുന്നത്. 100 ലധികം വര്‍ഷം പഴക്കമുള്ളതും വീതി കുറഞ്ഞതുമായ പാലത്തില്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. പാലത്തില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും രാത്രി കാലങ്ങളില്‍ ഏറെ അപകടം ക്ഷണിച്ചുവരുത്തുവാനിടയാകും. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അപാകത മാറ്റുകയോ പഴയപാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. പഴയ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 8 ടണ്ണിന് മുകളിലുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡും ഇവിടെ സ്ഥാപിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ 40 ടണ്ണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുമുണ്ട്. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയായതിനാല്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.