പോലീസ് അംഗങ്ങള്‍ക്ക് വിശിഷ്ട സേവനത്തിനുളള അംഗീകാരം

Saturday 20 January 2018 8:35 pm IST
അടിമാലി: മൂന്നാറിലെ പോലീസ് സേനക്ക് അഭിമാനമായി കാടിന്റെ മക്കള്‍ക്ക് കാവല്‍ക്കരായി മാറിയ നാല്‍വര്‍ സംഘത്തിന് വിശിഷ്ട സേവനത്തിനുളള അംഗീകാരം. ഇടമലക്കുടി വനവാസി കേന്ദ്രത്തിലെ ജനമൈത്രി പോലീസ് അംഗങ്ങള്‍ക്കാണ് പ്രത്യേഗ പ്രവര്‍ത്തനത്തിനുളള ബാഡ്ജ് ഓഫ് ഹോണര്‍ അവാര്‍ഡ് ലഭിച്ചത്. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എ.എം. ഫക്രുദ്ദീന്‍, എഎസ്ഐ വി.കെ. മധു, വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ബി. കദീജ, കെ.എം. ലൈജമോള്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. 2012 ലാണ് ഇടമലക്കുടിയില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതല്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘം സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും മികച്ച ജനമൈത്രി പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മൂന്നാറില്‍ നിന്ന് 33 കിലോമീറ്ററാണ് ഇടമലക്കുടിയിലേക്കുള്ള ദൂരം. 16 കിലോമീറ്റര്‍ വാഹനത്തിലും 17 കിലോമീറ്റര്‍ ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചാലുമാണ് ഇടമലക്കുടിയിലെത്താന്‍ സാധിക്കുകയുളളു. 28 കോളനികളിലായി 1000 ഓളം കുടുംബങ്ങളാണ് ഉളളത്. 36000 ഏക്കര്‍ ചുറ്റളവില്‍ വിസ്തൃതമായ ഇടമലക്കുടിയിലേക്ക് തമിഴ്നാട്ടിലെ വാല്‍പ്പാറ വഴിയും എത്തിച്ചേരാം. ഇടമലക്കുടിയെകുറിച്ചുളള ഡോക്യുമെന്ററി ചെയ്യുന്നതിനും ജനമൈത്രി പോലീസ് നേതൃത്വം നല്‍കിയിരുന്നു. ഫക്രുദിനും മധുവിനും നേരത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. രാജധാനി കൂട്ടക്കൊലപാതകം ഉള്‍പ്പെടെയുളള അന്വേഷണ സംഘത്തിലും ഇവരുണ്ടായിരുന്നു. രാജാക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സി.വി ഉലഹന്നാന്‍ വീണ്ടും ഗാര്‍ഡ് ഓഫ് ഹോണര്‍ അവാര്‍ഡിന് അര്‍ഹനായി. കഞ്ചാവ് കടത്ത് കാര്‍ക്കെതിരെ നടന്ന അന്വേഷണത്തിനാണ് ഉലഹന്നാന് വീണ്ടും അവാര്‍ഡ് ലഭിച്ചത്. രാജധാനി കൂട്ടക്കൊലക്കേസ് അന്വേഷണ മികവിനാണ് ആദ്യം ഗാര്‍ഡ് ഓഫ് ഹോണര്‍ അവാര്‍ഡ് ലഭിച്ചത്. ഒരു ഉദ്യോഗസ്ഥന് ഒന്നിലേറെ തവണ ഗാര്‍ഡ് ഓഫ് ഹോണര്‍ അവാര്‍ഡ് ലഭിക്കുന്നത് ജില്ലയിലാദ്യമാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഉലഹന്നാന്‍ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.