പോപ്പുലര്‍ ഫ്രണ്ട്: ഇന്ത്യയിലെ ഐഎസ് റിക്രൂട്ടിങ്ങ് ഏജന്‍സി

Saturday 20 January 2018 8:40 pm IST

 

കണ്ണൂര്‍: ഇസ്ലാമിക മതതീവ്രവാദ സംഘടനയായ ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. സിറിയയുള്‍പ്പടെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്ന് പോയവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ വിവരമുണ്ട്. ഇതില്‍ പലരും കുടുംബത്തോടൊപ്പമാണ് സിറിയയിലുള്ളത്. കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തയക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ടിന് പ്രത്യേക സംവിധാനങ്ങള്‍ തന്നെയുണ്ട്. ഐഎസ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റിലായ മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്‌ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ്, മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം.വി.റാഷിദ്, തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ.ഹംസ, തലശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍ എന്നീ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഭീകരവാദ പ്രവര്‍ത്തനത്തിന് സിറിയയില്‍ പോയി സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ചാലാട് ഷഹനാദ്, പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീര്‍, ഇയാളുടെ മൂത്തമകന്‍ സല്‍മാന്‍, വളപട്ടണം മൂപ്പന്‍പാറയിലെ റിഷാല്‍, കമാല്‍പീടികയിലെ മുഹമ്മദ് ഷാജില്‍ തുടങ്ങിയവരെല്ലാം തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവര്‍ക്ക് പണം എത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനും വിദഗ്ദമായി ആയുധ പരിശീലനം നല്‍കുന്നതിനും പോപ്പുലര്‍ ഫ്രണ്ടിന് പ്രത്യേക സംവിധാനം തന്നെയുണ്ട്. രാത്രികാലങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ഭീകരവാദികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന് സാധാരണയായി ഇവര്‍ റോഡരികിലുള്ള തെരുവു പട്ടികളെയാണ് ഉപയോഗിക്കുക. അതിവേഗത്തില്‍ ഓടിച്ച് പോകുന്ന ബൈക്കില്‍ ഇരുന്ന് കൊണ്ട് തന്നെ തെരുവ്പട്ടികളെ വെട്ടിക്കൊല്ലാനും ഇവര്‍ പരിശീലനം നല്‍കാറുണ്ട്. കൈയറപ്പില്ലാതെ കൊലപാതകം നടത്തുന്നതിനാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്. 

കഴുത്തിന് ആഴത്തിലുള്ള മുറിവേല്‍പിച്ച് മരണം ഉറപ്പുവരുത്തുകയാണ് ഇവരുടെ രീതി. ഇന്നലെ കൊല്ലപ്പെട്ട ശ്യാം പ്രസാദിനെയും കഴുത്തിന്റെ പിന്‍വശത്ത് വെട്ടിപ്പരിക്കേല്‍പിച്ചാണ് കൊലപ്പെടുത്തിയത്. ഹിന്ദു ഐക്യവേദി നേതാവ് അശ്വിനി കുമാറും എബിവിപി നേതാവ് സച്ചിന്‍ ഗോപാലുമെല്ലാം ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത്. ചാവേറുകളെപ്പോലെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സമൂഹവുമായി ബന്ധം വെക്കുകയോ പൊതുചടങ്ങുകളില്‍ സംബന്ധിക്കുകയോ ചെയ്യാറില്ല. ജോലി ചെയ്യാനെന്ന് പറഞ്ഞ് വിദേശത്ത് കടക്കുന്ന ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ തീവ്രവാദ ബന്ധത്തിന്റെ പോരില്‍ തിരിച്ചയക്കപ്പെടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരിക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.