പദ്ധതികള്‍ക്ക് കുറവില്ല; കനാലുകള്‍ ദുര്‍ഗന്ധപൂരിതം

Saturday 20 January 2018 9:12 pm IST

 

ആലപ്പുഴ: വിവിധ പദ്ധതികളുടെ പേരില്‍ കോടികള്‍ ഒഴുക്കി കളയുമ്പോഴും നഗരത്തിലെ കനാലുകളില്‍ പോളയും മാലിന്യവും നിറയുന്നു. മൂക്ക് പൊത്താതെ കനാലോരങ്ങളിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

  വൃത്തിയ്ക്കും മാലിന്യ സംസ്‌കരണത്തിനും ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ നഗരസഭയുടെ ഹൃദയഭാഗത്ത് ഒഴുകുന്ന  വാടക്കനാല്‍, കോമേഴ്‌സ്യല്‍ കനാലുകള്‍ക്കാണ് ദുര്‍ഗതി. കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിദേശി-സ്വദേശി ടൂറിസ്റ്റുകളുടെ പ്രധാന സഞ്ചാര പാതയാണ് വാടക്കനാല്‍. ഇവര്‍ക്ക് ബോട്ടുകളിലും ചെറു വള്ളങ്ങളിലും സഞ്ചരിക്കാന്‍ കഴിയാത്തവിധം പോളനിറഞ്ഞു. 

  ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളുടെ സര്‍വീസുകള്‍ക്കും തടസം സൃഷ്ടിക്കുന്നു. യാത്രാ ബോട്ടുകള്‍ തിരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥ. വേനല്‍ ചൂട് കടുത്തതോടെ കനാലുകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഇതും കനാലിലൂടെയുള്ള സഞ്ചാരത്തെ കാര്യമായി ബാധിച്ചു. ടൂറിസം വികസനത്തിനും കനാല്‍ സൗന്ദര്യവത്ക്കരണത്തിനും വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോടികള്‍ ചെലവഴിക്കുമ്പോഴാണ് നഗരത്തില്‍ ഈ സ്ഥിതി. 

  വൈഎംസിഎ, വഴിച്ചേരി, കോടതിപ്പാലത്തിനു സമീപം ബോട്ട്‌ജെട്ടി, കെഎസ്ആര്‍ ടിസി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കനാലുകളില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നത്. പോളയും അഴുകിയ വൃക്ഷഭാഗങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കനാലുകളില്‍ അധികവും. മാലിന്യങ്ങള്‍ തള്ളുന്നത് കണ്ടെത്തുന്നതിനായി കനല്‍കരയില്‍ സ്ഥാപിച്ചിട്ടുള്ള ഒളിക്യാമറകള്‍ നോക്കുകുത്തിയായി. പലതും പ്രവര്‍ത്തന രഹിതമാണ്. 

  രാത്രി കാലത്ത് മാലിന്യങ്ങള്‍ ചാക്കിലും പ്‌ളാസ്റ്റിക്ക് കിറ്റുകളിലും കെട്ടി കനാല്‍ക്കരയില്‍ നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇറച്ചിയുടെയും മത്സ്യത്തിന്റെയും വേസ്റ്റുകള്‍ തെരുവ് നായ്ക്കല്‍ കടിച്ചു പൊട്ടിച്ച് റോഡരികിലും കനാലുകളിലും തള്ളും. ഇത് വെള്ളത്തില്‍ അഴുകി വലിയ ദുര്‍ഗന്ധം പരത്തുന്നു.

  വാടക്കനാല്‍, കോമേഴ്‌സ്യല്‍ കനാലുകളുടെ നവീകരണത്തിന് കിഫ്ബിയുടെ 58കോടിയുടെ പുതിയ പദ്ധതിക്ക് അംഗീകാരമായെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി എപ്പോള്‍ ആരംഭിക്കുമെന്ന് ആര്‍ക്കും യാതൊരു വ്യക്തതയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.