കുളിമുറി ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട വിദ്യാര്‍ത്ഥി പിടിയില്‍

Saturday 20 January 2018 9:14 pm IST

 

എടത്വാ: യുവതി കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥി പിടിയില്‍. ചങ്ങംങ്കരി സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് എടത്വാ പോലീസിന്റെ പിടിയിലായത്. അയല്‍വാസിയായ യുവതി കുളിക്കുമ്പോള്‍ കുളിമുറിയുടെ ഹോളിലൂടെയാണ് വിദ്യാര്‍ത്ഥി മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. യുവതിയുടെ ബന്ധു നിര്‍മ്മിക്കുന്ന വീടിന്റെ ഫൗണ്ടേഷന് മുകളില്‍ കയറി ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട യുവതി വീട്ടുകാരെ വിവരം അറിയിച്ചതോടെ വിദ്യാര്‍ത്ഥിയെ പിടികൂടി താക്കീത് ചെയ്യ് വിട്ടയച്ചിരുന്നു. നവംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ വീടിന് മുമ്പില്‍നിന്ന് ദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡും, കത്തും വീട്ടുകാര്‍ക്ക് ലഭിച്ചു. മെമ്മറി കാര്‍ഡിന്റെ കോപ്പിയാണെന്നും, സോഷ്യല്‍ മീഡിയായിലൂടെ ദൃശ്യം പ്രചരിപ്പിക്കുമെന്നും ഇല്ലങ്കില്‍ 15 ലക്ഷം രൂപ ഉടന്‍ നല്‍കണെന്നുമായിരുന്നു കത്ത്. വീട്ടുകാര്‍ കത്തും മെമ്മറി കാര്‍ഡും എടത്വാ പോലീസിന് കൈമാറി. പോലീസിന്റെ അന്വഷണത്തിലും മുന്‍പുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് ദൃശ്യം അടങ്ങിയ മറ്റ് മൂന്ന് മെമ്മറി കാര്‍ഡുകള്‍ കൂടി പോലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അറസ്റ്റ് ചെയ്യാനോ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പോലീസിന് കഴിഞ്ഞില്ല. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അറിയിച്ചശേഷം വിദ്യാര്‍ത്ഥിയെ വിട്ടയച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.