ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ ഉന്നതതല ഗൂഢാലോചന

Saturday 20 January 2018 9:30 pm IST

 

സ്വന്ത ലേഖകന്‍

കണ്ണൂര്‍: കൂത്തുപറമ്പ് കണ്ണവം 17-ാംമൈലിലെ ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.വി.ശ്യംപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ഉന്നതതല ഗൂഢാലോചന. കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനും കൂടിയായിരുന്ന ശ്യാമിനെ ഇല്ലാതാക്കിയത് ദിവസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണങ്ങള്‍ക്ക് ശേഷമാണെന്നും തെളിയുന്നു. കണ്ണവം, ചിറ്റാരിപറമ്പ് മേഖലയില്‍ സജീവ സാന്നിധ്യവും സൗമ്യ പ്രകൃതനുമായ ശ്യാമപ്രസാദിനെ ഇല്ലാതാക്കുന്നതിലൂടെ മേഖലയിലെ സംഘപ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനെത്തന്നെ കൊലപ്പെടുത്തണമെന്ന വ്യക്തമായ തീരുമാനത്തിന്റെ ഭാഗമാണ് ശ്യാമിനെ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തത്.

മേഖലയില്‍ തീവ്രവാദ സ്വഭാവമുളള ഇസ്ലാമിക സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനും സംഘാദര്‍ശം പ്രചരിപ്പിക്കുകയും ചെയ്തുവന്ന ശ്യാമിന് കഴിഞ്ഞ ഏതാനും നാളുകളായി പോപ്ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ശ്യാമിന്റെ നീക്കങ്ങള്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി തവണ ഇത്തരം സംഘടനകളുടെ ഭാഗത്ത് നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയും മറ്റും ശ്യാമിനെതിരെ വധഭീഷണി ഉയരുകയുണ്ടായി. ഇതു സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാഞ്ഞത് കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു. കൊലക്ക് പിന്നിലുളള സംഘടനകളുമായി ഭരണത്തിലിരിക്കുന്ന സിപിഎം നേതൃത്വത്തിനുളള പങ്കും പോലീസ് നടപടിയുമായി ബന്ധപ്പെട്ടും സംശയമുയര്‍ന്നിട്ടുണ്ട്. 

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ കൃത്യത്തിനുപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായതും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിടിയിലായ നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷപ്പെടുത്താനും കൊലക്ക് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള പോലീസ്-പോപുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നീക്കമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മാത്രമല്ല കൊലപാതകത്തിന് ശേഷം കാറില്‍ സഞ്ചരിച്ച ഇവരില്‍ നിന്ന് ആയുധങ്ങളോ കാറില്‍ ചോരക്കറയോ, ചോരപുരണ്ട വസ്ത്രങ്ങളോ മറ്റെന്തെങ്കിലും തെളിവുകളോ ഉളളതായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൊലപാതകത്തിന്റെ പൊതുസ്വഭാവവും നേതൃത്വം നടത്തിയ ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് കൊല നടത്തിയതെന്നും വ്യക്തമാണ്. അത്യന്തം മൃഗീയമായാണ് അക്രമികള്‍ കൊലപാതകം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ സമാനമായ രീതിയിലാണ് ശ്യാമിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും കൈവെട്ടി മാറ്റാന്‍ അക്രമികള്‍ ശ്രമിച്ചിരുന്നു. ഒരു കൈ അറ്റുപോയ അവസ്ഥയിലായിരുന്നു. കൂടാതെ തലയുടെ ഒരു ഭാഗം കൊത്തിപിളര്‍ന്ന നിലയിലായിരുന്നു. സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിയും ശ്യാമിന്റെ കോലപാതകത്തിലും അക്രമികള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ശ്യാം സഞ്ചരിച്ച വാഹനം ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഐഎസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമെന്ന നിലയിലും ഇത്തരം ഐഎസ് കേസുകളില്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും ജില്ലയിലെ പോപുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുളളവരാണ് എന്നുളളതും ശ്യാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണ്. കേസില്‍ പിടിയിലായവരും ഇനിയും പിടിയിലാകാനുളളവരും കേസിന്റെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയവരും ഇത്തരം തീവ്രവാദ ബന്ധമുളളവരാണെന്നത് കൊലപാതകത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. രഹസ്യയോഗം ചേരുന്നതിനിടെ ഐഎസ് ബന്ധമുളള അഞ്ചുപേരെ പിടികൂടിയ കനകമലയും ശ്യാമിന്റെ കൊലപാതകം നടന്നതിന് സമീപമുളള കണ്ണവം വനമേഖലയും അടുത്തടുത്ത പ്രദേശങ്ങളാണെന്നതും കൊലപാതകവുമായി ബന്ധപ്പെട്ട് ഇവിടങ്ങളില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ ശ്യാമിന്റെ കൊലപാതകത്തിലെ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ പങ്ക് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.