വിശ്വരൂപം ദുര്‍ദര്‍ശമാണ്; എന്റെ മാനുഷരൂപം സുദുര്‍ദര്‍ശവും (11-52)

Saturday 20 January 2018 11:35 pm IST

'ദര്‍ശനം' എന്ന വാക്കിന് കണ്ണുകള്‍കൊണ്ടുകാണുക എന്ന് മാത്രമല്ല അര്‍ത്ഥം. ബുദ്ധികൊണ്ട് അറിയുക എന്നും അര്‍ത്ഥമുണ്ട്. 'ദുര്‍ദര്‍ശം' എന്ന പദത്തിന് ദുഃഖേന വളരെ പ്രയാസപ്പെട്ട് കാണാന്‍ കഴിയുന്നത്, അറിയാന്‍ കഴിയുന്നത് എന്നര്‍ത്ഥം. ഭഗവാന്റെ വിശ്വരൂപം വേദാധ്യയനം തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ ഒന്നുകൊണ്ടും കാണാനും അറിയാനും കഴിയില്ല എന്ന് മുന്‍പ് ഭഗവാന്‍ 48-ാം ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഈ ശ്ലോകത്തില്‍ (11-52) സുദുര്‍ദര്‍ശം എന്ന്, അരുളിച്ചെയ്യുന്നത് വിശ്വരൂപത്തെക്കുറിച്ചല്ല. സൗമ്യവും മനുഷ്യതുല്യംപോലെ തോന്നിക്കുന്നതുമായ ഭഗവദ്രൂപത്തെപ്പറ്റിത്തന്നെയാണെന്ന് പ്രത്യേകം മനസ്സിലാക്കണം. വിശ്വരൂപംകാണുന്നതിനേക്കാള്‍ പ്രയാസമാണ് ഭഗവാന്റെ സ്വന്തം ദ്വിഭുജരൂപം കാണുക എന്നത്. ഈ കാര്യമാണ് സുദുര്‍ദര്‍ശം, എന്ന പദംകൊണ്ട് ഭഗവാന്‍ ഉദ്ദേശിക്കുന്നത്. 'ഇദം രൂപം സുദുര്‍ദര്‍ശം'- നിനക്കു കാണാന്‍ കഴിഞ്ഞ എന്റെ യഥാര്‍ത്ഥ രൂപം കാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ശ്രീകൃഷ്ണ രൂപം കാണാനും അറിയാനും എപ്പോഴും കാണാന്‍വേണ്ടി ആഗ്രഹിക്കുന്നു.

ശ്രീകൃഷ്ണന്‍ ദേവകീദേവിയുടെ ഗര്‍ഭത്തില്‍ വസിക്കുമ്പോള്‍ ബ്രഹ്മാദിദേവന്മാര്‍ വന്നു സ്തുതിച്ചതും. ദേവകിയെ സമാശ്വസിപ്പിച്ചതും ഭാഗവതത്തില്‍ പറയുന്നുണ്ട്. ഭഗവാന്റെ അവതാര സമയത്ത് വന്നു കാണാന്‍ കഴിഞ്ഞിട്ടില്ല. കാളിയമര്‍ദ്ദനം, അഘാസുരവധം മുതലായ ഭഗവല്ലീലാ സന്ദര്‍ഭങ്ങളില്‍ ദേവന്മാര്‍ ആകാശത്ത് വന്ന് പുഷ്പവൃഷ്ടി ചെയ്തതായും സ്തുതിച്ചതായും ദിവ്യവാദ്യങ്ങള്‍ മുഴക്കിയതായും വര്‍ണിക്കുന്നുണ്ട്. ഭഗവാനെ നേരിട്ട് കണ്ട് ആനന്ദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഭഗവാന്‍ പറയുന്നത് ''ദേവാ ദര്‍ശനകാംക്ഷിണഃ'' എന്ന്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.