ഭക്തി ആനന്ദമാണ്

Saturday 20 January 2018 9:44 pm IST

''ശാന്തിരൂപാത് പരമാനന്ദ രൂപാച്ച''

ഭക്തിയുടെ ഭാവത്തില്‍ തികഞ്ഞ ശാന്തിയുണ്ട്. അതുകൊണ്ടുതന്നെ അതില്‍ പരമാനന്ദരൂപം നിലനില്‍ക്കുന്നു.

കാട്ടാളനും മുട്ടാളനുമായിരുന്ന രത്‌നാകരന്റെ മുഖത്തുനിന്നും ഭയവും ക്രൗര്യവുമെല്ലാം വായിച്ചെടുക്കാമായിരുന്നു. എന്നാല്‍ വാത്മീകിയുടെ മുഖത്ത് ശാന്തിയും സമാധാനവുമായിരുന്നുവെന്ന് ആ മുഖം കാണാതെ തന്നെ നമുക്ക് നമ്മുടെ സാമാന്യബുദ്ധിയില്‍നിന്നും വായിച്ചറിയാം. അതിനാല്‍ രത്‌നാകരനില്ലാത്ത പരമാനന്ദം വാത്മീകിക്കുണ്ടായിരുന്നു. ആ പരമാനന്ദം അനുഭവിക്കുമ്പോഴാണ് അരുത് കാട്ടാളാ എന്ന് പറയാനും ഇടവന്നത്. ഈ നിഷേധം തന്റെ ഉള്ളിലുണ്ടായിരുന്ന കാട്ടാളത്തത്തോടായിരുന്നില്ല. ആ കാട്ടാളജീവിതത്തിനെത്തന്നെ മറന്നുകൊണ്ടുള്ള ജീവിതമായിരുന്നു വാത്മീകിയുടേത്. അതുകൊണ്ടുമാത്രമാണ് ആ പരമാനന്ദം വാത്മീകി അനുഭവിച്ചത്.

ശബരിമല ദര്‍ശനത്തിനുപോകുന്ന അയ്യപ്പ ഭക്തന്മാര്‍ അനുഭവിക്കുന്ന സന്തോഷവും ശാന്തിയും മറ്റൊരാളോട് പറഞ്ഞവതരിപ്പിക്കുക എളുപ്പമല്ല. അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വാക്കുകളുമില്ല. എന്നാല്‍ അതിലെ സന്തോഷം ആ ഭക്തന്മാരുടെ അനുഭവമാണ്. അതുകൊണ്ടാണ് എല്ലാ വര്‍ഷവും ശബരിമലയില്‍ തിരക്കുവര്‍ധിക്കുന്നത്.

മകരസംക്രമത്തിന് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപ്പെടുന്ന ജ്യോതിയും ആകാശത്തുദിക്കുന്ന ദിവ്യനക്ഷത്രവും കണ്ട് ഭക്തജനങ്ങളാകെ ആനന്ദനിര്‍വൃതിയിലാകുന്നു.തിരുവാഭരണ ഘോഷയാത്രാവേളയിലും മറ്റും കാണുന്ന, ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന കൃഷ്ണപ്പരുന്തും ഭക്തജനങ്ങള്‍ക്ക് ആനന്ദാനുഭൂതിക്ക് വഴിയൊരുക്കുന്നു. അത് ഭക്തിയില്‍ നിന്നുള്ള പരമാനന്ദമാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.