മരണം മലേറിയയായെത്തുന്ന ഗോത്രജീവിതങ്ങള്‍

Sunday 21 January 2018 3:10 am IST
പതിറ്റാണ്ടുകളുടെ ഇടതു ഭരണം അടിസ്ഥാന വര്‍ഗ്ഗത്തിന് മനുഷ്യരായി ജീവിക്കാനുള്ള അവകാശം നിഷേധിച്ചതിന്റെ സാക്ഷ്യമാണ് കച്ചാരി പറ. സംസ്ഥാനത്തെ 28.3 ശതമാനം ഗോത്രവിഭാഗത്തിന്റെയും ജീവിതം സമാനമാണ്. മലമ്പ്രദേശങ്ങളിലെ ദുരിത ജീവിതങ്ങളെ ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് ആശിഷ് ദെബ്ബര്‍മ്മ പറഞ്ഞു. ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു.

കച്ചാരി പറ-മരണം മലേറിയയുടെ രൂപത്തില്‍ വേട്ടയാടുന്ന, ഭരണകൂടം ജീവിക്കാനുള്ള അവകാശം നിഷേധിച്ച ഗോത്രമേഖല. തലസ്ഥാനമായ അഗര്‍ത്തലയില്‍നിന്നും മൂന്ന് മണിക്കൂറിലേറെ ദൂരമുണ്ട് ഇവിടേക്ക്. 25 കിലോമീറ്ററകലെ അവസാനിക്കുന്ന ദേശീയപാത. ഇടതൂര്‍ന്ന വനത്തിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാന്‍ സാധിക്കുന്ന തകര്‍ന്നുകിടക്കുന്ന റോഡാണ് പിന്നീട് ആശ്രയം. റോഡും കാടും തിരിച്ചറിയാന്‍ സാധിക്കാത്തിടത്ത്, കുറുകെ വീണുകിടക്കുന്ന മരത്തിന് മുന്നില്‍ വാഹനം ബ്രേക്കിട്ടു. ''രണ്ട് കിലോമീറ്ററേയുള്ളൂ, നമുക്ക് നടക്കാം''. കൂടെയുണ്ടായിരുന്ന യുവസാമൂഹ്യ പ്രവര്‍ത്തകന്‍ ആശിഷ് ദെബ്ബര്‍മ്മ പറഞ്ഞു. സന്നദ്ധ സംഘടനയായ 'കാരിത്താസ് ഇന്ത്യ'യുടെ ഭാഗമായിരുന്ന ആശിഷ് ഏഴ് വര്‍ഷത്തിലധികമായി കോളനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 

ഇറക്കമിറങ്ങി പുഴകടന്ന് കുത്തനെയുള്ള കയറ്റം കയറി കച്ചാരി പറയിലെത്തി. ഒഴുകുന്നുണ്ടെങ്കിലും പുഴയില്‍ വെള്ളം കുറവ്. മഴക്കാലത്ത് അലറിയൊഴുകുന്ന പുഴ കോളനിയെ ഒറ്റപ്പെടുത്തും. കുറച്ചു മാസം പുറംലോകവുമായി ബന്ധമില്ലാതെയാകും ജീവിതം. ഇരുട്ടുവീണ് തുടങ്ങിയിരുന്നു കോളനിയില്‍. വൈകിട്ട് നാല് മണിയാകുമ്പോഴേക്കും ത്രിപുര രാത്രിയെ ആശ്ലേഷിക്കും. തണുപ്പ് പരക്കുന്ന രാത്രിയില്‍ തീ കായുകയായിരുന്നു കോളനിവാസികള്‍. ഇതുവരെ വൈദ്യുതിയെത്താത്ത പ്രദേശത്ത് വെളിച്ചം വിതറിയ തീക്കൂനയ്ക്ക് മുന്നിലിരുന്ന് ജീവിതത്തിന്റെ കനല്‍വഴികളെക്കുറിച്ച് അവര്‍ സംസാരിച്ചു. 

റിയാങ് ഗോത്രവിഭാഗത്തില്‍പ്പെട്ട 37 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ആകെ 165 അംഗങ്ങള്‍. മഴക്കാലത്ത് മരണവുമായി മലേറിയയെത്തും. നിറഞ്ഞ പുഴ കടന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്താനാകില്ല. പച്ചമരുന്നും പൂജയുമൊക്കെയാണ് ആശ്രയം. കഴിഞ്ഞ തവണ അഞ്ച് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് രോഗം പിടിപെട്ടു. ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാതെ അടുത്തിടെ ഗര്‍ഭിണിക്ക് ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ 25 കിലോമീറ്റര്‍ നടന്ന് തലച്ചുമടായാണ് കോളനിയിലെത്തിക്കുന്നത്. പകുതിയിലധികം കുടുംബവും സര്‍ക്കാര്‍ കണക്കില്‍ ദാരിദ്രരേഖയ്ക്ക് മുകളിലെന്നതാണ് വിചിത്രം, പഞ്ചറ റിയാങ് പറഞ്ഞു. 

മുളകൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വീടുകള്‍ അങ്ങിങ്ങായി കാണാം. ശുചിമുറികള്‍ ഒന്നുപോലുമില്ല. മലമ്പ്രദേശങ്ങളിലെ കൃഷിയിലെ നിസാര വരുമാനവും തൊഴിലുറപ്പുമാണ് വരുമാനം. പ്രതിദിനം 150 രൂപയാണ് തൊഴിലുറപ്പിലെ കൂലി. പണി കിട്ടാന്‍ സിപിഎം വിചാരിക്കണം. അതിനാല്‍ സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെങ്കിലും ഇവര്‍ പരസ്യമായി പ്രകടിപ്പിക്കാറില്ല. എംഎല്‍എയോ മറ്റ് ജനപ്രതിനിധികളോ വരാറില്ല. തെരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുണ്ടാകും.

പതിറ്റാണ്ടുകളുടെ ഇടതുഭരണം അടിസ്ഥാന വര്‍ഗ്ഗത്തിന് മനുഷ്യരായി ജീവിക്കാനുള്ള അവകാശം നിഷേധിച്ചതിന്റെ സാക്ഷ്യമാണ് കച്ചാരി പറ. സംസ്ഥാനത്തെ 28.3 ശതമാനം ഗോത്രവിഭാഗത്തിന്റെയും ജീവിതം സമാനമാണ്. മലമ്പ്രദേശങ്ങളിലെ ദുരിത ജീവിതങ്ങളെ ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് ആശിഷ് ദെബ്ബര്‍മ്മ പറഞ്ഞു. ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കുള്ള അവകാശം തങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് വനവാസികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ഫണ്ടുകള്‍ ശരിയായി ഉപയോഗിച്ചിരുന്നെങ്കില്‍ മാത്രം ഈ അവസ്ഥ മാറുമായിരുന്നു, ആശിഷ് ചൂണ്ടിക്കാട്ടി. റിയാംഗ് (16.6%), ജമാത്യാസ് (7.5%), ചക്മ (6.5%) എന്നീ ഗോത്രവിഭാഗങ്ങളാണ് സംസ്ഥാനത്ത് പ്രബലമായുള്ളത്.

നാളെ: ത്രിപുര പിടിക്കാന്‍ ത്രിമൂര്‍ത്തികള്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.