തൊണ്ണൂറു ശതമാനത്തിനു വേണ്ടി

Sunday 21 January 2018 3:18 am IST

ഒരുപാടു കാലം കൂടിയിട്ട് തിരുവാതിര ഉത്സവപ്പറമ്പില്‍വച്ചാണ് ആ സുഹൃത്തിനെ കണ്ടുമുട്ടിയത്. ഒന്നാംതരം ബിജെപിക്കാരന്‍. പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു,  നോട്ടു നിരോധനം മൂലം അരക്കോടി രൂപ അദ്ദേഹത്തിനു നഷ്ടപ്പെട്ടത്രെ!

ഞാന്‍ ഞെട്ടിപ്പോയി...

അദ്ദേഹം വിശദീകരിച്ചു: പെങ്ങന്മാര്‍ക്കു വീതം കൊടുക്കാന്‍ തറവാട്ടു സ്വത്ത് വില്‍ക്കേണ്ടി വന്നു. തൊണ്ണൂറ്റിയെട്ടു ലക്ഷംവരെ വില പറഞ്ഞതാണ്.  ഒരു കോടിക്കു പോയേനെ... ടോക്കണ്‍ തരാനിരിക്കുമ്പോഴാണ് ഇടിത്തീപോലെ നവംബര്‍ എട്ട്, നോട്ടു നിരോധനം ! ഒടുവില്‍, വേറെ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് ആറുമാസം മുന്‍പ് ഭൂമി കൊടുക്കേണ്ടി വന്നു, അമ്പതു ലക്ഷത്തിനു്...

'മോദിയെ വെറുത്തു കാണും അല്ലേ? ബിജെപി വിട്ടോ?' ഞാന്‍ ആകാംക്ഷാഭരിതനായി.

'ആദ്യം ശപിച്ചു; ഇനി മേലാല്‍ താമരയ്ക്കു പിന്നാലെയില്ലെന്നു തീരുമാനിച്ചതാ. പിന്നീടാലോചിച്ചപ്പോള്‍ തോന്നി മോദി ചെയ്തതാ ശരി. ഒരുകോടി വിലയിട്ടത് കള്ളപ്പണമൊതുക്കാന്‍ ഭൂമി വാങ്ങിക്കൂട്ടുന്ന ഒരു ടീമായിരുന്നു. അതുപോലെ പോയാല്‍, കുറച്ചുകൂടി കാത്തിരുന്നെങ്കില്‍ രണ്ടുകോടി കിട്ടിയെന്നും വരും. കള്ളപ്പണം അതുപോലെ പെരുകുകയായിരുന്നല്ലോ, ഭൂമാഫിയ വളരുകയും.. മറുഭാഗത്ത് തല ചായ്ക്കാന്‍ ഒരഞ്ചു സെന്റാഗ്രഹിക്കുന്ന 90 ശതമാനം വരുന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ അതനുസരിച്ച് അകന്നുപൊയ്‌ക്കൊണ്ടേയിരിക്കും. ഇപ്പോള്‍ ഭൂമി വില ഒരുപാടു കുറഞ്ഞു. എന്നെപ്പോലെ ഭൂമി വില്‍ക്കാനുള്ള അഞ്ചോ പത്തോ ശതമാനത്തിനു നഷ്ടം സംഭവിച്ചാലും ഒരു സെന്റ് ഭൂമിയില്ലാത്ത 90 ശതമാനം മുമ്പില്‍ക്കണ്ട് മോദി ചെയ്തതു നല്ല കാര്യമാണ്!'

എനിക്ക് അത്ഭുതം തോന്നി! രാഷ്ട്രീയക്കാര്‍ പോകട്ടെ, വല്യ വല്യ ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ മോദിയെ ഏറ്റവും മോശം ഭാഷയില്‍ വിമര്‍ശിച്ചപ്പോഴും, സ്വയം നഷ്ടപ്പെട്ടിട്ടും, അതിലെ നന്മ കാണാന്‍ മനസ്സുണ്ടായ ആ സുഹൃത്തിനെക്കുറിച്ച്.

90 ശതമാനത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്നവര്‍ സത്യത്തില്‍ നിലകൊള്ളുന്നത് 10 ശതമാനം സമ്പന്നര്‍ക്കു വേണ്ടിയല്ലേ?

വാസുദേവന്‍ പോറ്റി, വിട്ടൂര്‍

തിലകക്കുറി വേണോ?

ശനിയാഴ്ചയിലെ (20-01-2018) 'ജന്മഭൂമി'യില്‍ വന്ന, 'നേതാജിക്ക് പച്ച, അപമാനമെന്ന് കാനായി' എന്ന വാര്‍ത്തയിലെ മൂന്നാം ഖണ്ഡികയില്‍, 'തലസ്ഥാനത്തിന് തിലകക്കുറിയായി' എന്ന് നേതാജിയുടെ പ്രതിമയെ വിശേഷിപ്പിച്ചു കണ്ടു. 'തിലകം' എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ 'കുറി' എന്നും 'പൊട്ട്' എന്നുമൊക്കെയാവുമ്പോള്‍ 'തിലകക്കുറി' എന്ന വാക്ക് ഒരേ അര്‍ത്ഥത്തിന്റെ തന്നെ ആവര്‍ത്തനമായി വിരസതയുണ്ടാക്കുന്നു. 'തൊടുകുറി'യെന്നോ 'തിലകശോഭ' എന്നോ ഒക്കെയുള്ള പ്രയോഗങ്ങള്‍കൊണ്ട് ഭാഷാഭംഗി സാധ്യമെന്നിരിക്കെ, 'തിലകക്കുറി'പോലെയുള്ള അബദ്ധ പ്രയോഗങ്ങള്‍ ഭാഷാപഠിതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും.  വായനക്കാരന്‍ എന്നനിലയ്ക്ക് ഇത്തരം പ്രയോഗങ്ങളുണ്ടാക്കുന്ന അലോസരം ശ്രദ്ധയില്‍പ്പെടുത്തി എന്നുമാത്രമേയുള്ളൂ. 'ജന്മഭൂമി'യെപ്പോലുള്ള പ്രതിഷ്ഠിതമായ പത്രത്തില്‍ ഇങ്ങനെയുള്ള വികല്‍പ്പങ്ങള്‍ വന്നുകൂടാത്തതാണല്ലോ.

സേതു എം. നായര്‍ കരിപ്പോള്‍, കമ്പാര്‍ നഗര്‍, ചെന്നൈ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.