പിന്നാക്കഫണ്ട് വിനിയോഗം: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം-എം.ടി. രമേശ്

Sunday 21 January 2018 2:00 am IST
പിന്നാക്കക്കാര്‍ക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയില്‍ എത്ര ചെലവഴിച്ചു എന്നതിനെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒബിസി മോര്‍ച്ച സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

 

കോട്ടയം: പിന്നാക്കക്കാര്‍ക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുകയില്‍ എത്ര ചെലവഴിച്ചു എന്നതിനെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ഒബിസി മോര്‍ച്ച സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. 

അധികാരത്തിലെത്തിയാല്‍ പിന്നാക്കക്കാരെ ഇരുമുന്നണികളും തള്ളിപ്പറയും. വോട്ട് കുത്തുന്ന യന്ത്രങ്ങളായാണ് എല്‍ഡിഎഫും യുഡിഎഫും ഇവരെ കാണുന്നത്. പ്രധാനമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ലോക മലയാളി സമ്മേളനത്തിന്റെ പ്രയോജനം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ എന്തിനാണ് ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത്. 

മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ നടത്തിയ ധൂര്‍ത്തിലൂടെ അദ്ദേഹത്തിന്റെ മുഖം കൂടുതല്‍ വികൃതമായി. ഇന്ത്യക്കായി നല്ലതൊന്നും ചെയ്യാത്ത ചൈനയുടെ നിലപാടിനെക്കുറിച്ച് നല്ല വാക്ക് പറയാന്‍ ബിജെപിക്കാവില്ല. ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറാന്‍ ചൈന തയ്യാറാകുന്നു. ഇതില്‍ സിപിഎമ്മിന്റെ നിലപാട് എന്താണ്. പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് ചൈനക്കുള്ളത്. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടും സാംസ്‌കാരിക നായകര്‍ മൗനംപാലിക്കുന്നത് ലജ്ജാകരമാണ്. സിപിഎം സമ്മേളനവേദികള്‍ രാജ്യദ്രോഹ പ്രസംഗത്തിന്റെ വേദികളായെന്നും എം.ടി. രമേശ് പറഞ്ഞു. 

കണ്ണൂരിലെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംപ്രസാദിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് യോഗം ആരംഭിച്ചത്. ഒബിസി മോര്‍ച്ചയുടെ സംസ്ഥാന ശില്‍പശാലയുടെ ബ്രോഷര്‍ പ്രകാശനം എം.ടി. രമേശ് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരിക്ക് നല്‍കി നിര്‍വ്വഹിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.