യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ; നിരവധിപേര്‍ക്ക് ജോലി നഷ്ടപ്പെടും

Sunday 21 January 2018 3:35 am IST

വാഷിംഗ്ടണ്‍:  സെനറ്റില്‍ അടിയന്തരാവശ്യങ്ങള്‍ക്കുള്ള ധനബില്‍ പാസാക്കാതിരുന്നതോടെ യുഎസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തെ ആവശ്യങ്ങള്‍ക്കുള്ള പണമാണ് അനുവദിക്കാതിരുന്നത്. ഇന്നലെ പുലര്‍ച്ചെ ചേര്‍ന്ന ഫെഡറല്‍ സര്‍ക്കാരിന്റെ സെനറ്റ് യോഗത്തില്‍ പാസാക്കേണ്ടിയിരുന്ന ബില്‍ ഡ്രീമേഴ്‌സ് എന്ന കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ തട്ടി വീഴുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ രാജ്യത്ത് ഷട്ട് ഡൗണ്‍ (സാമ്പത്തിക അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഫെഡറല്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകും. 

 ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് റിപ്പബ്ലിക് അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അഞ്ച് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക് അംഗങ്ങള്‍ എതിര്‍ത്തു. സെനറ്റില്‍ ഡെമോക്രാറ്റിക് അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും പരസ്പരം പഴി ചാരുക മാത്രമാണുണ്ടായത്.  ബജറ്റ് പാസാകാതെ വന്നതോടെ സര്‍ക്കാര്‍ സര്‍വീസുകളൊഴിച്ച് ബാക്കിയെല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. 

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് പറയുന്ന മറ്റൊരു പേരാണ് ഷട്ട് ഡൗണ്‍. എന്നാല്‍ എല്ലാ മേഖലകളിലും അടിയന്തരാവസ്ഥ ഉണ്ടാവുകയുമില്ല. സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സര്‍വീസിലെ ജോലിക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കും. പൊതു-ദേശീയ സുരക്ഷാ വിഭാഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. 

ഏഴുലക്ഷത്തോളം വരുന്ന ഡ്രീമേഴ്‌സ് എന്ന കുടിയേറ്റക്കാരായ ചെറുപ്പക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതാണ് ഇത്തവണത്തെ ഷട്ട് ഡൗണിനു കാരണം. കുടിയേറ്റം വര്‍ദ്ധിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നുണ്ടെന്ന് കാണിച്ച് സെപ്റ്റംബറില്‍ ട്രംപ് നിര്‍ത്തലാക്കിയിരുന്നു. 

2013ല്‍ ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഉണ്ടായ 16 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണില്‍ 8,50,000 പേര്‍ക്ക് ജോലി നഷ്ടമായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.