ഷറപ്പോവ വീണു ; ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍

Sunday 21 January 2018 4:47 am IST

മെല്‍ബണ്‍: നീണ്ടയൊരിടവേളക്ക് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തിരിച്ചെത്തിയ മരിയ ഷറപ്പോവയുടെ കിരീവുമായി മടങ്ങാമെന്ന സ്വപ്‌നം തകര്‍ന്നു. രണ്ട് മുന്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് മത്സരത്തില്‍ ഏയ്ഞ്ചലിക് കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപ്പോവയെ വീഴ്ത്തി. 6-1, 6-3.

2016 ല്‍ മെല്‍ബണില്‍ ഉത്തേജക മരുന്നുപയോഗത്തിന് പിടിയിലായ ഷറപ്പോവ പതിനഞ്ചുമാസത്തെ വിലക്കിനുശേഷമാണ് കളിക്കളത്തില്‍ തിരിച്ചെത്തുന്നത്. ആദ്യ റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷറപ്പോവയ്ക്ക് മൂന്നാം റൗണ്ടില്‍ തിളങ്ങാനായില്ല. അതേസമയം കെര്‍ബര്‍ അവസരത്തിനൊത്തുയര്‍ന്നു.

നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ നാലാം റൗണ്ടില്‍ കടന്നു. ഇരുപതാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-2, 7-5,6-4.

ആറു തവണ ഇവിടെ കിരീടമണിഞ്ഞ നൊവാക് ദ്യോക്കോവിച്ച് അനായാസം നാലാം റൗണ്ടില്‍ കടന്നു. സ്‌പെയിനിന്റെ അല്‍ബര്‍ട്ടോ റാമോസ് - വിനോലസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-2, 6-3, 6-3. മത്സരം രണ്ട് മണിക്കൂര്‍ 21 മിനിറ്റ് നീണ്ടു. ദക്ഷിണ കൊറിയയുടെ ചുങ് ഹിയോണാണ് ദ്യോക്കോവിച്ചിന്റെ അടുത്ത എതിരാളി. അലക്‌സാണ്ടര്‍ സെരേവയെ അട്ടിമറിച്ചാണ് ചുങ് ഹിയോണ്‍ നാലാം റൗണ്ടിലെത്തിയത്. 5-7, 7-6 (7-3), 2-6, 6-3, 6-0. മത്സരം മൂന്ന് മണിക്കൂര്‍ 22 മിനിറ്റ് നീണ്ടുനിന്നു.

12-ാം സീഡായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രൊയും മൂന്നാം റൗണ്ടില്‍ വീണു. പരിചയ സമ്പന്നനായ ചെക്കിന്റെ തോമസ് ബെര്‍ഡിക്ക് 6-3, 6-3, 6-2 ന് ഡെല്‍ പോട്രൊയെ പരാജയപ്പെടുത്തി. ഇത് പത്താം തവണയാണ് ബെര്‍ഡിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

അഞ്ചുസെറ്റ് നീണ്ട ശക്തമായ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നേറ്റിയുവിനെ കീഴടക്കി ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി നാലാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു.3-6, 6-2, 6-1, 4-6, 6-3. ഇത് രണ്ടാം തവണയാണ് ഫാബിയോ മെല്‍ബണില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.