സാം എബ്രഹാമിന്റെ വീരമൃത്യു കണ്‍മണിയെ കാണാനാകാതെ

Saturday 20 January 2018 11:06 pm IST

മാവേലിക്കര: പിറക്കാന്‍ പോകുന്ന കണ്‍മണിയെ കാണാന്‍ നാട്ടിലെത്താനിരിക്കെയാണ് ബിഎസ്എഫ് ജവാന്‍ പോനകം തോപ്പില്‍ എബ്രഹാംജോണ്‍-സാറാമ്മ ദമ്പതികളുടെ മകന്‍ സാം എബ്രഹാം (35) ജമ്മുവില്‍ പാക് വെടിവെയ്പില്‍ വീരചരമമടഞ്ഞത്. 

ഭാര്യ അനുവിന്റെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലെത്താന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു സാമിന്റെ വീരബലിദാനം. വീടിനു സമീപം മുള്ളിക്കുളങ്ങരയില്‍ പുതിയ വീട് വച്ച് സാമും കുടുംബവും താമസം മാറ്റിയിരുന്നു. പ്രസവത്തിനായാണ് രണ്ടര വയസുകാരി എയ്ഞ്ചലുമായി അനു കൊല്ലം തേവലക്കരയിലെ വീട്ടിലേക്ക് പോയത്. അടുത്ത മാസം നാട്ടിലെത്തുന്ന ഭര്‍ത്താവിനെ പ്രതീക്ഷിച്ച് കാത്തിരുന്ന അനുവിനെ തേടിയെത്തിയത് നടുക്കുന്ന വാര്‍ത്തയായിരുന്നു. നവംബറില്‍ നാട്ടിലെത്തി മടങ്ങുമ്പോള്‍ വേഗം മടങ്ങി വരാമെന്ന് പറഞ്ഞ് മകള്‍ക്ക് മുത്തവും നല്‍കി പോയ സാമിന്റെ മരണ വാര്‍ത്ത രാത്രി വൈകിയാണ് അനുവിനെ അറിയിച്ചത്. 

  സാം എബ്രഹാമിന്റെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാത്ത നാട്ടുകാരും സുഹൃത്തുക്കളും. ആറാം മദ്രാസ് റെജിമെന്‍ഡില്‍ ലാന്‍സ് നായികായിരുന്നു സാം എബ്രഹാം. അവധിക്ക് നാട്ടിലെത്തിയാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാം സമയം കണ്ടെത്തിയിരുന്നു. വളരെ വേഗത്തില്‍ സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുത്ത ഇദ്ദേഹം ഈ സൗഹൃദങ്ങളെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വീരമൃത്യു വരിച്ച വാര്‍ത്ത ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല. 

വിവരമറിഞ്ഞ് വീട്ടിലേക്ക് നിരവധിപ്പേര്‍ എത്തി. മാവേലിക്കര സിഐ പി. ശ്രീകുമാര്‍ സ്ഥലത്തെത്തി ഔദ്യോഗികമായി മരണ വിവരമറിയിച്ചു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനുമായി ചര്‍ച്ച നടത്തിയെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണം നടത്തി വരികയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി സാമിന്റെ സഹോദരന്‍ സാബുവിനെ ടെലിഫോണില്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.