ഫാത്തിമയായ പ്രിയയ്ക്ക് ഒടുവില്‍ അഭയം ഗാന്ധിഭവന്‍

Saturday 20 January 2018 11:20 pm IST

പത്തനാപുരം: മുസ്ലീം യുവാവിനെ പ്രണയിച്ച് വീടുവിട്ടിറങ്ങിയ യുവതിക്ക്  ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. കാമുകന്റെ മരണത്തെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ (32) എന്ന പ്രിയ മോഹനനും രണ്ടുവയസ്സുകാരന്‍ മകന്‍ അക്ബറും ഗാന്ധിഭവനിലെത്തിയത്. 

പ്രിയയുടെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മോഹനന്‍ മരിച്ചു.  അമ്മ ലളിത വീട്ടു ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് പ്രിയയും ഇളയസഹോദരങ്ങളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 

ഇതിനിടയിലാണ് കാഞ്ഞങ്ങാട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന്‍ റിയാസ് റഹ്മാനുമായി പ്രിയ പരിചയത്തിലായത്. ബന്ധം പ്രണയമായി. 26-ാം വയസില്‍ പ്രിയ റിയാസുമൊത്ത് വീടുവിട്ടു. വിവാഹിതരാകാതെ ഒരുമിച്ച് താമസം തുടങ്ങിയ ശേഷമാണ് റിയാസ് വിവാഹിതനാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും പ്രിയ അറിഞ്ഞത്. 

ഇതിനിടെ, പ്രിയയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇവരെ കണ്ടെത്തിയെങ്കിലും വിവരങ്ങള്‍ അറിഞ്ഞതോടെ മടങ്ങി. റിയാസിനൊപ്പം  പാലക്കാട് കല്ലോട്ടുകുളത്തെത്തിയ ഇവര്‍ അവിടെ 35 സെന്റ് സ്ഥലം വാങ്ങി ചെറിയ ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായിരുന്നു റിയാസിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മക്കളും ഇവരോടൊപ്പമായിരുന്നു. 2015ല്‍ പ്രിയയ്ക്ക് മകന്‍ ജനിച്ചു. 

മൂന്ന് വര്‍ഷം മുന്‍പ് റിയാസിന് രക്താര്‍ബുദം  പിടിപെട്ടു. ഇതോടെ മക്കളുമായി ഇവര്‍ റിയാസിന്റെ കുടുംബവീടായ കൊല്ലം മയ്യനാട് റഹ്മാനിയ ഹൗസില്‍ എത്തി. ഇവിടെ വച്ചാണ് പ്രിയ മതംമാറി ഫാത്തിമ സുഹറയായത്. റിയാസ് ഡിസംബര്‍ 29ന് മരിച്ചു. റിയാസിന്റെ മരണത്തിനു ശേഷം അയാളുടെ വീട്ടില്‍ കഴിയാനാവാത്ത സാഹചര്യമായി. തുടര്‍ന്ന് പാലക്കാടുള്ള വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും അവിടെ തനിച്ച് കഴിയാനാകാതെ വന്നു.

കൊട്ടിയം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ. അനൂപ് അറിയിച്ചതുപ്രകാരം ഗാന്ധിഭവന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സിദ്ധിഖ് മംഗലശ്ശേരി, സിവില്‍ പോലീസ് ഓഫീസര്‍ എസ്. സൂര്യ, ജി. ജോബിന്‍, ലിയോണ്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവനിലെത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.