കോണ്‍ഗ്രസ് സഹകരണം; യെച്ചൂരിയുടെ നീക്കം പാളുന്നു

Saturday 20 January 2018 11:23 pm IST

കൊല്‍ക്കത്ത: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അടിപതറി. കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ക്കുന്ന കാരാട്ട് പക്ഷത്തിന് ചര്‍ച്ചയില്‍ മേല്‍ക്കൈ ലഭിച്ചു. വോട്ടെടുപ്പ് നടക്കട്ടെയെന്ന നിലപാടിലാണ് കാരാട്ട്. ഇതൊഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യെച്ചൂരി. അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ഇന്നലെ രാത്രി വൈകി പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നു. 

 കാരാട്ടിന്റെയും യെച്ചൂരിയുടെയും രണ്ട് രേഖകളാണ് യോഗത്തില്‍ ചര്‍ച്ചക്കെടുത്തത്. കോണ്‍ഗ്രസ്സുമായി സഹകരണമാകാമെന്ന യെച്ചൂരിയുടെ ലൈന്‍ കേന്ദ്ര കമ്മറ്റിയില്‍ സംസാരിച്ച കേരളം, ആന്ധ്ര, തെലങ്കാന ഘടകങ്ങളിലെ പ്രതിനിധികള്‍ എതിര്‍ത്തു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ നിലപാട് തുടരണമെന്നാണ് ഇവര്‍ വാദിച്ചത്. അതേ സമയം രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന് യെച്ചൂരിയെ പിന്തുണക്കുന്ന ബംഗാള്‍ ഘടകം വാദിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഒരു രേഖ മതിയെന്നും എതിരഭിപ്രായമുള്ളവര്‍ക്ക് അവിടെ ഉന്നയിക്കാമെന്നുമാണ് കാരാട്ട് പക്ഷം നിലപാടെടുത്തത്. ഫലത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണിത്.  

 കോണ്‍ഗ്രസ് സഹകരണം ബംഗാള്‍ സിപിഎമ്മിന് അതിജീവനത്തിന്റെ പ്രശ്‌നമാണ്. വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റത്തിന് യെച്ചൂരിയും ബംഗാള്‍ ഘടകവും ശ്രമിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വോട്ടെടുപ്പില്‍ നേരത്തെ യച്ചൂരി പരാജയപ്പെട്ടിരുന്നു. ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടി തള്ളുന്നത് പ്രതിസന്ധിക്കിടയാക്കും. യച്ചൂരി സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മ്മികതയും ചോദ്യം ചെയ്യപ്പെടും. 

ഈ ഘട്ടത്തില്‍ യച്ചൂരിക്കൊപ്പമുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സമവായത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബിജെപി മുഖ്യ എതിരാളിയായി വളര്‍ന്ന ത്രിപുരയില്‍ പാര്‍ട്ടി ഘടകം യച്ചൂരിക്കൊപ്പമാണ്. പ്രത്യയശാസ്ത്ര തര്‍ക്കമായി വ്യാഖ്യാനിക്കപ്പെടുന്ന കോണ്‍ഗ്രസ് സഹകരണം യച്ചൂരി-കാരാട്ട് പക്ഷത്തിന്റെ ബലപരീക്ഷണത്തിലാണ് എത്തി നില്‍ക്കുന്നത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റി ഇന്ന് സമാപിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.