പെണ്‍കുട്ടിക്ക് പീഡനം; അന്വേഷണം കൂടുതല്‍ പോലീസുദ്യോഗസ്ഥരിലേക്ക് നീങ്ങില്ല

Saturday 20 January 2018 11:30 pm IST

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസുദ്യോഗസ്ഥരടക്കം പീഡിപ്പിച്ച കേസില്‍ അന്വേഷണം നിലവില്‍ പിടിയിലായവരില്‍ അവസാനിപ്പിക്കാന്‍ നീക്കം. പെണ്‍കുട്ടിയുമായും ഇടനിലക്കാരിയുമായും അടുപ്പമുള്ള ചിലരെക്കൂടി ചോദ്യം ചെയ്യുന്നതില്‍ അന്വേഷണം ഒതുക്കാനാണ് സാധ്യത. 

ഡിവൈഎസ്പി, സിഐ തുടങ്ങി ഉന്നത പോലീസുദ്യോഗസ്ഥരുടെയും ഒരു അഭിഭാഷകയുടെയും പേരുകള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നെങ്കിലും ഇവര്‍ക്കെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 

പീഡനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നിധിന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത് ഫേസ് ബുക്കിലൂടെയാണ്. പ്രേമം നടിച്ച് വശത്താക്കിയ പുന്നപ്ര കിഴക്കേതയ്യില്‍ നിധിന്‍ (22) പെണ്‍കുട്ടിയെ തോട്ടപ്പള്ളി ബീച്ചില്‍ വെച്ചാണ് പീഡിപ്പിച്ചത്. ഇയാളെ പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.  ഇതോടെ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. നിധിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടനിലക്കാരി ആതിരക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആലപ്പുഴ ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. 

പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ എട്ടുപേരുടെ വിവരങ്ങളുണ്ട്. ഇതില്‍ മാരാരിക്കുളം പ്രൊബേഷനറി എസ്‌ഐ കെ.ജി.ലൈജു (30), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസ് (40), വടക്കനാര്യാട്ട് തെക്കേപ്പറമ്പില്‍ ജിനുമോന്‍ (22), ആതിരയുടെ കാമുകന്‍ ഡ്രൈവറായ വാവക്കാട്ട് പ്രിന്‍സ് ജയിംസ് (28), ഇടനിലക്കാരിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ ആതിര (24) എന്നിവര്‍ അറസ്റ്റിലായിരുന്നു. അഞ്ചുപേരും റിമാന്‍ഡിലാണ്. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും ചിലര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ 10 നാണ് പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്ന് കടത്തികൊണ്ടു പോകുമ്പോള്‍ ഇടനിലക്കാരി ആതിരയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ ആതിരയും പോലീസുദ്യോഗസ്ഥരും മുതലെടുക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.