ദല്‍ഹി തീപിടിത്തം: ഫാക്ടറി ഉടമ അറസ്റ്റില്‍

Sunday 21 January 2018 10:21 am IST

ന്യൂദല്‍ഹി:  ദല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിന്‍  തീപിടിത്തത്തില്‍  പതിനേഴുപേര്‍ വെന്തു മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍.  ഫാക്ടറിയുടെ സമീപത്ത് അനധികൃതമായി പടക്ക നിര്‍മാണശാല പ്രവര്‍ത്തിപ്പിച്ചതിനാണ് ഉടമയായ മനോജ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായ് ഡെപ്യൂട്ടി കമ്മിഷണര്‍ രജനീഷ് ഗുപ്ത അറിയിച്ചു.

വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയില്‍  ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ്  തീപിടിത്തമുണ്ടായത്. പത്ത് ഫയര്‍ എഞ്ചിനുകള്‍ നാലുമണിക്കൂറെടുത്താണ് തീയണച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കെട്ടിടത്തിന്റെ പലഭാഗങ്ങളിലുമുള്ള  അനധികൃത നിര്‍മ്മാണം മൂലം രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞതാണ്  മരണ സംഖ്യ ഉയരാന്‍ കാരണമെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. മരിച്ചവരില്‍ അധികവും ഫാക്ടറിക്കുള്ളില്‍ അകപ്പെട്ടുപോയ തൊഴിലാളികളാണ്. മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരില്‍ സ്ത്രീകളുമുണ്ട്. ഫാക്ടറിയുടെ മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീ പടര്‍ന്നത്. എന്നാല്‍ വളരെ വേഗം തീ മറ്റു നിലകളിലേക്കും പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

അതേസമയം തീപിടിത്തത്തിലെ മരണസംഖ്യ സംബന്ധിച്ച് സംശയങ്ങളും തുടരുന്നുണ്ട്. നാല് പേര്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്ന് പോലീസ് അവകാശപ്പെട്ടപ്പോള്‍ 17 പേരുടെ മൃതദേഹം ലഭിച്ചതായി അഗ്‌നിശനമ സേനാ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ അടിയന്തിര ധനസാഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.