കാബൂളില്‍ ഭീകരാക്രമണം: പത്തു മരണം

Sunday 21 January 2018 10:30 am IST

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ പത്തു പേരെ വെടിവെച്ചു കൊന്നു. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം. ഒരു ചാവേര്‍ അടക്കം നാലു ഭീകരരാണ് ആക്രമണം നടത്തിയത്. തുടക്കത്തില്‍ പതറിപ്പോയ അഫ്ഗാന്‍ സുരക്ഷാ സേന പിന്നീട് നാലു ഭീകരരേയും വധിച്ച് ബന്ദികളെ മോചിപ്പിച്ചു.

കാബൂള്‍ നഗരത്തെ ഞെട്ടിച്ച ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. വലിയ സ്‌ഫോടനത്തിനും വെടിയൊച്ചകള്‍ക്കും ശേഷം ഹോട്ടലില്‍ കനത്ത പുക ഉയര്‍ന്നു. ആറു നിലകളുള്ള കെട്ടിടത്തിലെ മുറികളില്‍ നിന്ന് കിടക്കവിരിയും മറ്റും ജനാലയില്‍ കെട്ടി അതിലൂടെ രക്ഷപെടാന്‍ ശ്രമിച്ച നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു. 

ആക്രമണത്തിനു തൊട്ടു പിന്നാലെ കുതിച്ചെത്തിയ അഫ്ഗാന്‍ പോലീസും അമേരിക്കന്‍ സൈനികരും ഹോട്ടല്‍ വളഞ്ഞു. ഹോട്ടലില്‍ കയറി ഭീകരരെ നേരിട്ടത് അഫ്ഗാന്‍ സേനയിലെ ഭീകരവിരുദ്ധ സംഘം മാത്രമാണെന്നും അമേരിക്കന്‍ സൈനിക വാഹനങ്ങള്‍ ഹോട്ടലിനു പുറത്ത് വിന്യസിച്ചിരിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

പതിനാറു വിദേശീയരും ജീവനക്കാരുമടക്കം നൂറുപേരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നു. എല്ലാവരേയും മോചിപ്പിച്ചതായി ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. ഐടിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാര്‍ നടക്കേണ്ടിയിരുന്നതിനാല്‍ ഇതില്‍ പങ്കെടുക്കാനുള്ള നൂറിലേറെ ഉദ്യോഗസ്ഥര്‍ ഹോട്ടലിലുണ്ടായിരുന്നു. പ്രധാന പ്രവേശന കവാടങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കിയിരുന്നെങ്കിലും പാചകപ്പുരകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ  വാതില്‍ വഴിയാണ് ഭീകരര്‍ അകത്തു കടന്നത്. 

കഴിഞ്ഞ മാസം ഷിയ മുസ്ലീങ്ങളുടെ സാംസ്‌കാരിക കേന്ദ്രത്തില്‍ ചാവേര്‍ ബോംബു സ്‌ഫോടനത്തില്‍ നാല്‍തു പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള പ്രധാന ഭീകരാക്രമണമാണിത്. ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.