യെച്ചൂരിയെ വെട്ടി

Monday 22 January 2018 2:55 am IST
ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടി തള്ളുന്ന അസാധാരണ സാഹചര്യമാണ് സിപിഎം അഭിമുഖീകരിക്കുന്നത്. യെച്ചൂരിക്ക് സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വോട്ടെടുപ്പ് നടന്നതായി യെച്ചൂരി സ്ഥിരീകരിച്ചു. ആരുടെയും തോല്‍വിയോ പരാജയമോ അല്ല. ഭേദഗതികളോടെയാണ് കരട് രേഖ അംഗീകരിച്ചത്. രാഷ്ട്രീയ അടവുനയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. പോരാട്ടം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചിപ്പിച്ച് പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. രാജിവെക്കുമെന്ന അഭ്യൂഹം അദ്ദേഹം പരോക്ഷമായി തള്ളി.

ന്യൂദല്‍ഹി: പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തിരിച്ചടി. കോണ്‍ഗ്രസ്സുമായി സഹകരണമാകാമെന്ന യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തള്ളിയ കേന്ദ്ര കമ്മറ്റി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖ അംഗീകരിച്ചു. കോണ്‍ഗ്രസ്സുമായി ധാരണയോ നീക്കുപോക്കോ പാടില്ലെന്ന്് നിര്‍ദ്ദേശിക്കുന്നതാണ് കാരാട്ടിന്റെ രേഖ. 55 അംഗങ്ങള്‍ കാരാട്ടിനെ പിന്തുണച്ചപ്പോള്‍ യെച്ചൂരിക്ക് ലഭിച്ചത് 31 വോട്ട് മാത്രം. കാരാട്ടിന്റെ രേഖയാകും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുക.

 ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടി തള്ളുന്ന അസാധാരണ സാഹചര്യമാണ് സിപിഎം അഭിമുഖീകരിക്കുന്നത്. യെച്ചൂരിക്ക് സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വോട്ടെടുപ്പ് നടന്നതായി യെച്ചൂരി സ്ഥിരീകരിച്ചു. ആരുടെയും തോല്‍വിയോ പരാജയമോ അല്ല. ഭേദഗതികളോടെയാണ് കരട് രേഖ അംഗീകരിച്ചത്. രാഷ്ട്രീയ അടവുനയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. പോരാട്ടം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചിപ്പിച്ച് പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. രാജിവെക്കുമെന്ന അഭ്യൂഹം അദ്ദേഹം പരോക്ഷമായി തള്ളി. 

കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച തര്‍ക്കമാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.  ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുന്ന രേഖകളാണ് യെച്ചൂരിയും കാരാട്ടും അവതരിപ്പിച്ചത്. കാരാട്ടിനൊപ്പം കേരള ഘടകവും യെച്ചൂരിക്കൊപ്പം ബംഗാള്‍, ത്രിപുര ഘടകങ്ങളും നിലയുറപ്പിച്ചു. നാല് മാസം മുന്‍പ് ആരംഭിച്ച വടംവലിയാണ് ഇന്ന് കൊല്‍ക്കത്തയില്‍ ജനറല്‍ സെക്രട്ടറിയെ തള്ളുന്ന കേന്ദ്ര കമ്മറ്റിയിലെത്തിയത്. മുന്‍പ് മൂന്ന് തവണ പോളിറ്റ് ബ്യൂറോയും രണ്ട് തവണ കേന്ദ്ര കമ്മറ്റിയും ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമായില്ല. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ്സിലയക്കാമെന്ന നിലപാട് അവസാന നിമിഷം യെച്ചൂരിയും ബംഗാള്‍ ഘടകവും സ്വീകരിച്ചെങ്കിലും ഒരു രേഖ മതിയെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. 

 കാരാട്ടിനായി കേരള ഘടകം മുന്നിട്ടിറങ്ങിയപ്പോള്‍ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ യെച്ചൂരിയെ പിന്തുണച്ച് കേന്ദ്ര കമ്മറ്റിക്ക് കത്ത് നല്‍കി. പ്രത്യക ക്ഷണിതാവായ വിഎസ്സിന് കേന്ദ്ര കമ്മറ്റിയില്‍ വോട്ടില്ല. തുടക്കത്തില്‍ യെച്ചൂരിക്കൊപ്പമായിരുന്ന മന്ത്രി തോമസ് ഐസക് അവസാന നിമിഷം തന്ത്രപരമായ സമീപനത്തിലേക്ക് മാറി. വിഷയം തീരുമാനമെടുക്കാതെ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട ഐസക് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മടങ്ങി. ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് മടക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. എട്ട് സംസ്ഥാനങ്ങള്‍ യെച്ചൂരിയെ പിന്തുണച്ചു. കരട് രേഖ കീഴ്ഘടകങ്ങള്‍ക്ക് നല്‍കി രണ്ട് മാസത്തോളം ചര്‍ച്ചകള്‍ക്ക് വിധേയമാക്കും. ഭേദഗതികള്‍ പരിഗണിച്ചാകും അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.