കാവാലം തട്ടാശേരി പാലം; പ്രാരംഭ ജോലികള്‍ തുടങ്ങി

Monday 22 January 2018 2:00 am IST

 

കുട്ടനാട്: കാവാലം തട്ടാശേരി പാലത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു.  അതിര്‍ത്തി നിര്‍ണയിച്ചു കല്ലിടുന്ന ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 

  സ്ഥലമേറ്റെടുക്കുന്നതിനായി നാലു കോടി രൂപയുടെ എഎസ് ലഭിച്ചിട്ടുണ്ട്. ഇരുകരകളിലും കല്ലിടുന്ന നടപടികള്‍ പൂര്‍ത്തിയായി. റവന്യു നടപടികള്‍ക്കായി കലക്‌ട്രേറ്റില്‍ അപേക്ഷ നല്‍കി. മുന്‍പു കുറച്ചു സ്ഥലം പിഡബ്ള്യുഡി ഏറ്റെടുത്തിട്ടുണ്ട്.

   ബാക്കിയുള്ള വസ്തുക്കള്‍ ഏതൊക്കെ സര്‍വേ നമ്പരുകളില്‍ നിന്നുള്ള സ്ഥലങ്ങളാണ് ഏറ്റെടുത്തിട്ടുള്ളതെന്നു വില്ലേജ് ഓഫിസുകളില്‍ നിന്നും തിട്ടപ്പെടുത്തി തുടര്‍ നടപടികളിലേക്കു കടക്കും. ഇതു കൂടി പൂര്‍ത്തിയായാല്‍ ഭരണാനുമതിക്കായി ഡിസൈന്‍ കിഫ്ബിക്കു സമര്‍പ്പിക്കും ഒന്‍പതു സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിനുവേണ്ടി ഇരുകരകളിലുമായി 370 മീറ്റര്‍ നീളത്തിലാണു സ്ഥലമെടുത്തിരിക്കുന്നത്.

  കരയുടെ ഭാഗത്ത് 17 മീറ്ററും, അപ്രോച്ചിനായി 19 മീറ്റര്‍ വീതയിലുമാണു സ്ഥലം അളന്നിരിക്കുന്നത്. 10.3 മീറ്റര്‍ വീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പാലത്തിന്റെ മധ്യഭാഗത്തെ ഉയരം ആറു മീറ്ററായാണു നിശ്ചയിച്ചിട്ടുള്ളത്. 

 എട്ടു സ്പാനുകള്‍ക്ക് 35 മീറ്റര്‍ വീതവും, മധ്യഭാഗത്തെ സ്പാനിന് 45 മീറ്ററുമാണു തീരുമാനിച്ചിരിക്കുന്നത്. ആറിന്റെ വടക്കേക്കരയിലുള്ള കാവാലത്ത് ഇരുവശങ്ങളിലും സര്‍വീസ് റോഡും, തെക്കേക്കരയിലുള്ള കുന്നുമ്മയില്‍ ഒരുവശത്തും സര്‍വീസ് റോഡിനു സ്ഥലമെടുത്തിട്ടുണ്ട്. 

  ഇരു കരകളിലും 70 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മിക്കുക. പാലം പണി എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. ഒരു നാടിന്റെ വികസന സ്വപ്നമാണ് പാലത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.