ഭൂമിയുടെ ഗതിവേഗം കുറയ്ക്കാന്‍

Monday 22 January 2018 2:30 am IST

ആരാണ് ഈ പുതിയ ശിവന്‍? വൈശ്രവണന്‍ ചിന്തിച്ചു. പക്ഷേ ചിന്ത പതറിപ്പോവുകയാണ്. വീണ്ടും ആജാനുബാഹുവായി നില്‍ക്കുന്ന സദാശിവനെത്തന്നെ ഭക്തിയോടെ ശ്രദ്ധിച്ചു. ഭഗവാന്‍ ജ്ഞാനമുദ്രയും കാണിച്ച് ചിരിച്ചുകൊണ്ടു നില്‍പുതന്നെയാണ്. ആ ജ്ഞാനമുദ്രയിലേക്ക് നോക്കിയപ്പോള്‍ പ്രകൃതിയെത്തന്നെ നോക്കാന്‍ ഒരു പ്രേരണ ലഭിച്ചതുപോലെ തോന്നി.

അതാ കുട്ടി സദാശിവനില്‍നിന്നും ഒരു പ്രകാശം  അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ നേരെ ചെല്ലുന്നു. പെട്ടെന്ന് ഭൂമിയുടെ കറക്കത്തിന്റെ വേഗം കുറഞ്ഞു. ഭൂമിയുടെ അതിവേഗത്തിന് ആരോ വിഘ്‌നം വരുത്തിയിരിക്കുന്നു. ഇത് വിഘ്‌നേശന്‍ തന്നെയെന്ന ബോധം വൈശ്രവണനിലുണ്ടായി.

ആരാണ് തനിക്കിതു പറഞ്ഞുതന്നത്. ഒന്നു ശ്രദ്ധിച്ചപ്പോള്‍ അവിടെ ഒരു വന്‍ വടവൃക്ഷം പ്രകടമായി. അതാ ആ വടവൃക്ഷച്ചുവട്ടില്‍ സ്ഫടികം പോലെയുള്ള ഒരു തറയില്‍ ഇടത്തേകൈ കാല്‍മുട്ടില്‍ വച്ചുകൊണ്ട്, മറ്റു കൈകളില്‍ മാനും മഴുവുമെല്ലാമായി ഒരു കയ്യില്‍ ജ്ഞാനമുദ്രയും കാണിച്ചുകൊണ്ട് ലോകഗുരുവായി. ദക്ഷിണാമൂര്‍ത്തിയായി ശിവഭഗവാനായിരിക്കുന്നു.

ഈ ദക്ഷിണാമൂര്‍ത്തി ഭഗവാനാണ് തനിക്ക് വിഘ്‌നേശ്വരനെക്കുറിച്ചുള്ള ബോധം പറയാതെ പറഞ്ഞുതന്നതെന്ന് വൈശ്രവണന് ബോധ്യപ്പെട്ടു. അതെ ഭഗവാന്‍ തനിക്ക് പല പ്രപഞ്ച രഹസ്യങ്ങളും പറഞ്ഞുതരികയാണ്.

പക്ഷേ ഈ ലോകഗുരുവിന് വളരെ ചെറുപ്പം തോന്നുന്നുവല്ലോ. ഒരു ബാലനോ കുമാരനോ എന്ന് പോലും ആശങ്ക. ഒരു ബാലമഹര്‍ഷി. അതെ ഒരു കുമാരമഹര്‍ഷി. അതെ ഇത് സ്‌കന്ദാചാര്യന്‍ തന്നെയാണ്. ദക്ഷിണാമൂര്‍ത്തി സ്വരൂപത്തിലുള്ള സ്‌കന്ദാചാര്യന്‍.

ഈ സ്‌കന്ദാചാര്യനാണ് എനിക്ക് അറിവു പകര്‍ന്നുതന്നത്.

ഇതിനിടെ വൈശ്രവണന്‍ വീണ്ടും പഞ്ചമുഖനായ സദാശിവരുദ്രനിലേക്ക് ശ്രദ്ധിച്ചു. അതാ ആ അഞ്ചുമുഖങ്ങളും പ്രത്യേക ദേവന്മാരായി വേര്‍പിരിയുന്നു. പക്ഷേ സദാശിവന്‍ അവിടെത്തന്നെയുണ്ട്. സദാശിവനില്‍നിന്നു വേര്‍പിരിഞ്ഞ അഞ്ചുമുഖങ്ങള്‍ സദ്യോജാതന്‍, തത്പുരുഷന്‍, വാമദേവന്‍, അഘോരന്‍, ഈശാനന്‍ എന്നീ ദേവന്മാരായി മാറി.

പെട്ടെന്ന് വൈശ്രവണന്റെ ചിന്തകള്‍ക്ക് വീണ്ടും വഴിമുട്ടി. താന്‍ കണ്ടതെല്ലാം മായയാണോ? സത്യമാണോ? മായ ഏതാണ്, സത്യമേതാണ് എന്നുതിരിച്ചറിയാനാവാത്ത അവസ്ഥ. ഒരു സ്വപ്നത്തില്‍ നിന്നുണര്‍ന്നപോലെ.

എന്നാല്‍ എന്തോ ചില സത്യങ്ങള്‍ ഉള്ളില്‍ തങ്ങുന്നുണ്ട്. ഇവിടെ കാണുന്ന വിഘ്‌നേശ്വരന്‍ സാക്ഷാല്‍ സദാശിവന്റെ അവതാരം തന്നെ എന്ന് ചിന്തിച്ചുകൊണ്ട് വൈശ്രവണന്‍ ശിവനേയും ഗണേശനേയും നമസ്‌കരിച്ചു. എല്ലാ അഹങ്കാരവും ഉപക്ഷിച്ചുള്ള സാഷ്ടാംഗ നമസ്‌കാരം.

9447213643

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.