ജനങ്ങള്‍ പ്രതികരിക്കണം

Monday 22 January 2018 2:30 am IST

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം അവതാളത്തിലായിട്ട് മാസങ്ങളായി. യാതൊരു ക്രിയാത്മക നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ധിക്കാരം കൂടിയ സര്‍ക്കാര്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു. നാഥനില്ലാക്കളരിയായി കെഎസ്ആര്‍ടിസി മാറുമ്പോള്‍ ഇന്നലെവരെ ജോലിചെയ്ത തൊഴിലാളികളുടെ അവസ്ഥ ദാരുണമായി തീരുകയാണ്. പെന്‍ഷന്‍ കൊടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അഹങ്കാരത്തോടെ പറയുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ഇതിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷവുമില്ല. പ്രതിപക്ഷത്തിന് ഇതില്‍ ഒരു കാര്യവുമില്ലെന്ന മട്ടിലാണ് അവരുടെ പ്രവൃത്തികള്‍.

ഇരുപത്തിയാറ് പേരാണ് ഈ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് ഒരു അന്വേഷണത്തിനും ആരും മുതിര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മകൂടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ഇടതു ഗവണ്‍മെന്റിന് ഒരു കുലുക്കവും ഇല്ല എന്നതാണ് ഇതിന് ഒരു പരിഹാരം. സര്‍ക്കാരിന്റെ കൃത്യമായ ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയുംമൂലം ജനം വലയുമ്പോള്‍ കെഎസ്ആര്‍ടിസിയും അതിന്റെ ഒരു ഭാഗമായിത്തീരുന്നു.

കോര്‍പ്പറേഷന്റെ പെന്‍ഷന്‍ ഏറ്റെടുക്കക എന്ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. പക്ഷേ അഹന്ത മാത്രം കൈമുതലായവര്‍ക്ക് ഒരു ദയാവായ്പും ഇല്ല. ഇടതുപക്ഷ ട്രേഡ് യൂണിയനും ഒരക്ഷരം ഉരിയാടാതെ നിലകൊള്ളുമ്പോള്‍ പെന്‍ഷന്‍ ലഭ്യമാകേണ്ടവര്‍ പകച്ചുനില്‍ക്കേണ്ടി വരുന്നു. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ ഈ ദുര്‍നടപടികള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഓരോ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോകളിലും പെന്‍ഷന്‍ ഉപഭോക്താക്കള്‍ ഉപവാസ സമരം തുടങ്ങുകയാണ്. ഇനിയെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറക്കണം.

                 ബി.ആര്‍. മഞ്ജീഷ്

               ചങ്ങനാശ്ശേരി,  കോട്ടയം

ഇങ്ങനെയാണോ ചെലവുചുരുക്കല്‍?

കേരളം ഭരിക്കുന്ന ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങളെല്ലാവരും അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞത് ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരായിരിക്കും ഇടതുമുന്നണി സര്‍ക്കാരെന്ന്. എന്നാല്‍ അധികാരത്തില്‍ കയറി ഒന്നരവര്‍ഷം കഴിഞ്ഞതേയുള്ളൂ. അതിനിടെ പൊതു ഖജനാവില്‍നിന്ന് ചികിത്സയ്ക്കായി ഇവര്‍ ചെലവാക്കിയ തുക കണ്ടപ്പോള്‍ ഞെട്ടിപ്പോയി! 

ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാങ്ങിയ കണ്ണടയ്ക്ക് 28,800 രൂപയായി. വില കൂടിയ കണ്ണട വാങ്ങിയതു മാത്രമല്ല, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയതുവഴി 3,81,000 രൂപ മെഡിക്കല്‍ റിഇമ്പേഴ്‌സമെന്റ് വാങ്ങുകയും ചെയ്തു. മന്ത്രിയായിരിക്കെ ഇ.പി. ജയരാജന്‍ വാങ്ങിയ കണ്ണടയുടെ വില 32,200 രൂപയായിരുന്നു. മറ്റു പല എംഎല്‍എമാരും പതിനായിരക്കണക്കിന് രൂപ വിലയുള്ള കണ്ണട വാങ്ങി പണം എഴുതിയെടുത്തു. 

ഇങ്ങനെയാണോ ചെലവുചുരുക്കല്‍ നടപടികളുമായി ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങള്‍ മുന്നോട്ടുപോകേണ്ടത്? അങ്ങനെയാണങ്കില്‍ ഇനിയും ഇതുപോലെ പൊതുഖജനാവില്‍നിന്ന് ചികിത്സയ്ക്കുള്ള ചെലവിനായി ഇടതുമുന്നണിയിലെ നിയമസഭാംഗങ്ങള്‍ എത്ര ലക്ഷങ്ങള്‍ എഴുതിയെടുത്തിട്ടാണാവോ ഇനി ഭരിക്കാനുള്ള മൂന്നരവര്‍ഷക്കാലയളവിനുള്ളില്‍ ചെലവു കുറയ്ക്കാന്‍ പോകുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

കണ്ണോളി സുനില്‍,

തൃശൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.