കോഴിക്കോട്: മുത്തലാഖ് വിഷയത്തില്‍ ഇരട്ടത്താപ്പുമായി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത ഗുലാം നബി ആസാദ് മുത്തലാഖ് അനിസ്ലാമികവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മുത്തലാഖ് ബില്‍ മുസ്ലിം കുടുംബങ്ങളെ തകര്‍ക്കുമെന്ന ആരോപണവും ഗുലാം നബി ആസാദ് ഉന്നയിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ വിഡ്ഢിത്തമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അഴിഞ്ഞിലം കടവ് റിസോര്‍ട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളത്തിലെ യുഡിഎഫ് സംവിധാനം സജ്ജമാണ്. ആരെങ്കിലും വിട്ടുപോയെന്ന് പറഞ്ഞ് സന്തോഷിക്കുന്നവര്‍ അത് താത്കാലിക ആഘോഷം മാത്രമാണെന്ന് മനസ്സിലാക്കണം. എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത് മാത്രമല്ല, ദേശീയ തലത്തിലും ജമ്മുകശ്മീര്‍ മുതല്‍ കേരളം വരെ കോണ്‍ഗ്രസിന് ശക്തരായ സഖ്യകക്ഷികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, എം.കെ. രാഘവന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു, സെക്രട്ടറി അഡ്വ.കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: