ആലപ്പുഴ: കുട്ടികള്‍ക്ക് രോഗപ്രതിരോധ വാക്സിന് നല്‍കുന്നതിനെതിരെ സിപിഎം എംഎല്‍എ എ.എം. ആരീഫ്. തന്റെ മക്കളെ വാക്സിന് നല്‍കാതെയാണ് വളര്‍ത്തിയതെന്നും എംഎല്‍എ. ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പതിസ് സംഘടിപ്പിച്ച ശാസ്ത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റൂബെല്ല വാക്സിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിമര്‍ശിക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല. വാക്സിനുകളെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ കഴിയണം. ഒരു ഭാഗത്ത് റൂബെല്ല വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. മറുഭാഗത്ത് ശീലമില്ലാത്തത് ചെയ്യേണ്ടിവരുന്നതിന്റെ പ്രശ്നം. ആരീഫ് പറഞ്ഞു.
വാക്സിനുകള്‍ നല്‍കുന്നതിനെതിരെ ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ വ്യാപകമായി പ്രചാരണം നടത്തുന്നതിനിടെയാണ് സിപിഎം എംഎല്‍എ അവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കണമെന്നും അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുമ്പോളാണ് ഭരണകക്ഷി എംഎല്‍എ തന്റെ മക്കള്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.
സംസ്ഥാന പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന് ബി. നായര്‍ അധ്യക്ഷനായി. ഡോ. കെ. എന്‍. സന്തോഷ്കുമാര്‍, ഡോ. ജമാല്‍ മുഹമ്മദ്, ഡോ. മഹേശ്വരി രാജഗോപാല്‍, ഡോ. ജ്യോതിലാല്‍, ഡോ. ജെ.എ. ജോസഫ്, ഡോ. അനീഷ് രഘുവരന്, ഡോ. റെജു കരീം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: