വെറ്ററിനറി സര്‍വ്വകലാശാല: അനധികൃത സ്ഥാനക്കയറ്റം വിവാദമാകുന്നു

Monday 22 January 2018 2:30 am IST

കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വ്വകലാശാലയില്‍ അധ്യാപകര്‍ക്ക് അനധികൃത സ്ഥാനക്കയറ്റം നല്‍കിയത് വിവാദമാകുന്നു. 2014ല്‍ നടത്തിയ സ്ഥാനക്കയറ്റത്തിലാണ് അനര്‍ഹര്‍ കടന്നുകൂടിയിരിക്കുന്നത്. യുജിസി മാനദണ്ഡം അനുസരിച്ച് പിഎച്ച്ഡി ബിരുദം ഇല്ലാതെ ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സ്‌റ്റേജ് ഒന്നില്‍ നിന്ന് രണ്ടിലേക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിന് അഞ്ചു വര്‍ഷത്തെ സേവന കാലാവധി ആവശ്യമാണ്. 

പിഎച്ച്ഡി ബിരുദത്തോടെ ജോലിയില്‍ പ്രവേശിച്ചവര്‍ക്കു നാലുവര്‍ഷം മതി. എന്നാല്‍ പിഎച്ച്ഡി ഇല്ലാതെ ജോലിയില്‍ പ്രവേശിച്ചശേഷം ശൂന്യ വേതന അവധി എടുത്ത് പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കിയ മൂന്ന് അധ്യാപകര്‍ക്ക് സര്‍വ്വകലാശാല അഞ്ചാം വര്‍ഷം നല്‍കേണ്ട സ്ഥാനക്കയറ്റം നാലാം വര്‍ഷം നല്‍കി ഉത്തരവിറക്കി. 

ഇതേവര്‍ഷം അര്‍ഹരായ പല അധ്യാപകര്‍ക്കും സ്ഥാനക്കയറ്റം നിഷേധിക്കുകയും ചെയ്തു. നടപടിയില്‍ പരാതി ഉന്നയിച്ചവരില്‍ ചിലരുടെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട ഒരു അധ്യാപകന്‍ നീതി തേടി കോടതിയിലാണ്. 

സ്വജനപക്ഷപാതപരമായി നടത്തിയ സ്ഥാനക്കയറ്റം കനത്ത സാമ്പത്തിക ബാധ്യതയാണ് സര്‍വ്വകലാശാലയ്ക്ക് വരുത്തിയിരിക്കുന്നത്. മറ്റ് സീനിയര്‍ അധ്യാപകരുടെ  പ്രൊമോഷന്‍ സാധ്യതയും ഇതുമൂലം ഇല്ലാതാകും. 

ഇത്തരത്തില്‍ നേടിയ അനധികൃത സ്ഥാനക്കയറ്റം റദ്ദ് ചെയ്തു അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചു പിടിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.