പ്രാതല്‍ സദ്യക്ക് ഊട്ടുപുരയില്‍ ഡെസ്‌കും ബെഞ്ചും ഉപയോഗിക്കാന്‍ ഉത്തരവ്

Monday 22 January 2018 2:00 am IST
മഹാദേവ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ പ്രാതല്‍ സദ്യക്ക് ഡെസ്‌കും ബെഞ്ചും ഉപയോഗിക്കുവാന്‍ ഹൈക്കോടതി ഉത്തരവായി.

 

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ പ്രാതല്‍ സദ്യക്ക് ഡെസ്‌കും ബെഞ്ചും ഉപയോഗിക്കുവാന്‍ ഹൈക്കോടതി ഉത്തരവായി. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍, ജസ്റ്റിസ് വി.സില്‍വി എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിറക്കിയത്. ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ പ്രാതല്‍ സദ്യക്ക് എത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലെപ്പോലെ ഡെസ്‌കും ബെഞ്ചും ഉപയോഗിക്കുവാന്‍ അനുമതി തേടിക്കൊണ്ട് അഡ്വ. എസ്.ഉണ്ണികൃഷ്ണന്‍ കാലാക്കല്‍, എസ്.ആനന്ദകുമാര്‍ കിഴക്കേപുളിക്കാഴത്ത് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി ഉണ്ടായത്. 

   മഹാദേവ ക്ഷേത്രത്തിലെ തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റെയും ഓംബുഡ്സ്മാന്റെയും അഭിപ്രായങ്ങള്‍ വിശദമായി കേട്ടശേഷമാണ് കോടതി വിധി. വിധിയുടെ അടിസ്ഥാനത്തില്‍ ബെഞ്ചും ഡെസ്‌കും ഉപയോഗിക്കുവാനുള്ള നടപടിയോടുകൂടി മുന്നോട്ടുപോകുവാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കി. തന്ത്രികര്‍മങ്ങളിലും പൂജാ വിധികളിലും മാത്രമാണ്  തന്ത്രിമാര്‍ക്ക് അധികാരമെന്നും ഭരണപരമായ കാര്യങ്ങളില്‍ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.  ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ എം.പി അശോക് കുമാര്‍, അഡ്വ. ശ്രീലാല്‍ വാര്യര്‍, അഡ്വ. എ.ശ്രീകല എന്നിവര്‍ ഹാജരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.