മണ്ണെടുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കി പൊതു അവധി ദിവസങ്ങളില്‍ ഖനനവും കടത്തലും നിരോധിച്ചു

Monday 22 January 2018 2:00 am IST
ജില്ലയില്‍ മണ്ണ്, ചെളി, കല്ല്, ചെങ്കല്ല് എന്നീ ധാതുക്കളുടെ അനധികൃതഖനനവും നീക്കവും നിയന്ത്രിച്ചുകൊണ്ട് കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു.

 

കോട്ടയം: ജില്ലയില്‍ മണ്ണ്, ചെളി, കല്ല്, ചെങ്കല്ല് എന്നീ ധാതുക്കളുടെ അനധികൃതഖനനവും നീക്കവും നിയന്ത്രിച്ചുകൊണ്ട് കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി ഉത്തരവ് പുറപ്പെടുവിച്ചു. 

പൊതു അവധി ദിവസങ്ങളില്‍ മണ്ണ് ഖനനവും കടത്തികൊണ്ട് പോകലും  കര്‍ശനമായി നിരോധിച്ചു..കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് നീക്കം ചെയ്യുമ്പോള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കുന്ന ഡവലപ്‌മെന്റ് പെര്‍മിറ്റും പ്‌ളാനുമനുസരിച്ച്  ഭൂമിയില്‍ വില്ലേജ് ഓഫീസര്‍ അടയാളപ്പെടുത്തി നല്‍കണം. സ്ഥലം ജിയോളജിസ്റ്റ് പരിശോധിച്ച്  തുടര്‍നടപടി സ്വീകരിക്കണം. ജിയോളജിസ്റ്റ് നല്‍കുന്ന ഉത്തരവില്‍ അനധികൃത ഖനനം സംബന്ധിച്ച പിഴയെക്കുറിച്ചും വസ്തുവില്‍ മിനറല്‍ ട്രാന്‍സിറ്റ് പാസ് നല്‍കിയ ശേഷം  നിശ്ചിത സമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട പണികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വസ്തു ഉടമയില്‍ നിന്നും ഈടാക്കേണ്ട പിഴയെക്കുറിച്ചുമുളള വിവരങ്ങള്‍ വ്യക്തമായി ചേര്‍ക്കണം. 

റോയല്‍റ്റി അടച്ചതില്‍ കൂടുതല്‍ അളവില്‍ ഖനനവും മണ്ണ് കടത്തലും നടത്തുന്നവര്‍ക്കെതിരെ അനധികൃത ഖനനത്തിന് നടപടി ഉണ്ടാകും. മണ്ണ് അടക്കം എല്ലാ ധാതുക്കളും നീക്കം ചെയ്യുന്നതിന് റോയല്‍റ്റി ജിയോളജി വകുപ്പില്‍ അടച്ച്  കടത്തു പാസ് വാങ്ങണം.  ജെ.സി.ബി തുടങ്ങിയ എര്‍ത്ത് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുളള മണ്ണ് ഖനനം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയും മണ്ണ് നീക്കം ചെയ്യുന്നതിനുളള വാഹന ഗതാഗതം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയും മാത്രമെ അനുവദിക്കുകയുളളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.