വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം: ഗതാഗതക്കുരുക്കിന് പരിഹാരം

Monday 22 January 2018 2:00 am IST

കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തര നടപടികള്‍. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറ്റിലെ ജംഗ്ഷനിലെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നതോടൊപ്പം ഇതിനു മുന്‍ഭാഗത്തുള്ള പ്രദേശം ടാര്‍ ചെയ്യും. നാളെയോടെ ടാറിംഗ് പൂര്‍ത്തിയാക്കും. സമാന്തര റോഡുകളിലെയും ഇടറോഡുകളിലെയും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കും. പാര്‍ക്കിംഗ് നിരോധനം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ടിഒ-എന്‍ഫോഴ്സ്മെന്റ്, പോലീസ്, റവന്യൂ വകുപ്പുകളുടെ മേല്‍നോട്ടത്തിലാകും നടപടികള്‍. 

ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തി സീബ്രാ മാര്‍ക്കിംഗ് നടത്തും. ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ നിര്‍വഹണ ചുമതല വഹിക്കും. സിഗ്‌നല്‍ സംവിധാനം കര്‍ശനമായി നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസുകാരെയും നിയോഗിക്കും.  

വൈറ്റിലെ ജംഗ്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളും ഇട റോഡുകളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം ആരായും. ഇതിനു ശേഷമാകും എതെല്ലാം റോഡുകള്‍ ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചും ഇടറോഡുകളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും അന്തിമതീരുമാനമാകൂ. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും ഇതിന്റെ നിര്‍വഹണ ചുമതല. അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകള്‍ കണ്ടെത്തി അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടു.

ദേശീയപാതയുടെ വശങ്ങളിലായി പാര്‍ക്ക് ചെയ്യുന്ന മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് വൈറ്റിലെ മൊബിലിറ്റി ഹബ്ബില്‍ പിക്ക് ആന്‍ഡ് ഡ്രോപ്പ് സംവിധാനമൊരുക്കുന്നത് പരിഗണിക്കും. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രാത്രി വൈകിയും വഴിയരികില്‍ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഗോള്‍ഡ് സൂക്കിനു സമീപമുള്ള പ്രദേശവും ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രക്കാരെ കയറ്റുന്നതിനായി പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ആര്‍ടിഒ ഇക്കാര്യം സംബന്ധിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

കൗണ്‍സിലര്‍മാരായ പി.എസ്. ഷൈന്‍, എ.ബി. സാബു, ഷൈനി മാത്യു, എം. പ്രേമചന്ദ്രന്‍, വി.പി. ചന്ദ്രന്‍, പി.എം. ഹാരിസ്, പി.എഡ്രാക് സെക്രട്ടറി എന്‍.കെ. വര്‍ഗീസ്, ഡിസിപി കറുപ്പസ്വാമി, ആര്‍ടിഒ റെജി പി വര്‍ഗീസ്, ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് കെ.എം. ഷാജി, കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.