പിന്മാറാതെ യെച്ചൂരി; വിഭാഗീയത പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക്

Monday 22 January 2018 2:51 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കേന്ദ്ര നേതൃത്വത്തില്‍ ഉടലെടുത്ത ഭിന്നത പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക്. കേന്ദ്ര കമ്മറ്റിയിലെ വോട്ടെടുപ്പില്‍ ഞെട്ടിക്കുന്ന തിരിച്ചടി നേരിട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്ന സൂചനയാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കുന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചത് പ്രകാശ് കാരാട്ട് പക്ഷത്തിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കുന്നതാണ്. കേന്ദ്ര കമ്മറ്റി അംഗീകരിച്ച കരട് രേഖയില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദ്ദേശിക്കാവുന്നതാണെന്ന് എടുത്തു പറഞ്ഞ യെച്ചൂരി ആരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പരാജയം മറച്ചുപിടിക്കാനും ശ്രമിച്ചു. 

 രാഷ്ട്രീയ നയത്തിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെങ്കിലും നേതൃത്വത്തിലെ വിഭാഗീയതയാണ് യഥാര്‍ത്ഥ വിഷയം. കോണ്‍ഗ്രസ് ബന്ധത്തിന്റെ പുകമറയ്ക്കുള്ളില്‍ യെച്ചൂരിയും കാരാട്ടും നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങള്‍ സര്‍വ്വസന്നാഹങ്ങളുമായി പോരടിക്കുകയായിരുന്നു. ഇരു ഭാഗത്തും സംസ്ഥാന ഘടകങ്ങളും അണിനിരന്നു. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ഭിന്നത പ്രത്യയശാസ്ത്ര തര്‍ക്കമായി മറനീക്കി പുറത്തു വരികയായിരുന്നു. 

യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത് തടയാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കാരാട്ട് പക്ഷം ശ്രമം നടത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തിലെ പിണറായി-വിഎസ് വിഭാഗീയതയില്‍ വിഎസ്സിനെ പൂര്‍ണമായും പിന്തുണച്ചിരുന്ന യെച്ചൂരിയെ ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള ഘടകം തയ്യാറായിരുന്നില്ല. യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത് കേരള ഘടകത്തിന് തിരിച്ചടിയായി. രാമചന്ദ്രന്‍പിള്ളയെക്കാള്‍ പാര്‍ട്ടിയില്‍ സ്വീകാര്യനായിരുന്നതാണ് യെച്ചൂരിയെ തുണച്ചത്. 

 ജനറല്‍ സെക്രട്ടറിയായെങ്കിലും സ്വാധീനമുറപ്പിക്കാന്‍ മൂന്ന് വര്‍ഷമായിട്ടും യെച്ചൂരിക്ക് സാധിച്ചില്ല. കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലും കാരാട്ട് പക്ഷത്തിനാണ് മുന്‍തൂക്കം. ഓരോ അവസരത്തിലും യെച്ചൂരിക്കെതിരായ നീക്കം ഇവര്‍ ശക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരിയെ പരസ്യമായി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ കാരാട്ടിന് തുണയായതും കേരള ഘടകമാണ്.  

 കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സാധിക്കാത്തത് ഇത്തവണ നേടിയെടുക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കം. ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മത്സരമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കേന്ദ്ര കമ്മറ്റിയില്‍ ഭിന്നിപ്പുണ്ടാവുകയും ജനറല്‍ സെക്രട്ടറിയെ തള്ളുകയും ചെയ്ത പ്രത്യേക സാഹചര്യത്തില്‍ സമയവായമുണ്ടാക്കുക എളുപ്പമല്ല. കരട് രേഖയില്‍ ഭേദഗതികള്‍ പരിഗണിക്കുമെങ്കിലും രാഷ്ട്രീയ പ്രമേത്തില്‍ വലിയ മാറ്റത്തിന് സാധ്യതയില്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എട്ട് സംസ്ഥാനങ്ങളാണ് ആകെ യെച്ചൂരിയുടെ അഭിപ്രായത്തിനൊപ്പമുള്ളത്. സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധികള്‍ നിലപാടെടുക്കില്ലെന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ സ്വാധീനം കുറയുമ്പോഴും വിഭാഗീയതക്ക് കുറവില്ലെന്നതാണ് സിപിഎമ്മിലെ യാഥാര്‍ത്ഥ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.