ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണവം മേഖലയില്‍ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് നടത്തിവന്ന തുടര്‍ അക്രമങ്ങളുടെ തുടര്‍ച്ച

Sunday 21 January 2018 10:37 pm IST

 

കൂത്തുപറമ്പ്: ആര്‍എസ്എസ് ചിറ്റാരിപ്പറമ്പ് 17-ാം മൈല്‍ ശാഖാ ശിക്ഷക് ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കണ്ണവം മേഖലയില്‍ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് സംഘം നടത്തിവന്ന തുടര്‍ അക്രമങ്ങളുടെ തുടര്‍ച്ച.

കഴിഞ്ഞ ഡിസംബര്‍ 17ന് കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് നടക്കുമ്പോള്‍ അവിടെ ആള്‍ക്കാരെ ഇറക്കാന്‍ പോയ ഓട്ടോ െ്രെഡവറായ ചുണ്ട ശാഖ മുഖ്യശിക്ഷക് അമല്‍ രാജിനെ എസ്ഡിപിഐ സംഘം ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണവം പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. പക്ഷേ സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടിന്റെ സമ്മര്‍ദ്ദത്താല്‍ കേസ് ദുര്‍ബലമാക്കി. 

പിന്നീട് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ വച്ച് അയൂബ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ നിരപരാധിയായ അമല്‍ രാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും മൃഗീയമായി മര്‍ദ്ദിക്കുകയും ചെയതിരുന്നു. പിന്നീട് എസ്ഡിപിഐ കണ്ണവം ടൗണില്‍ നടത്തിയ പൊതുയോഗത്തില്‍ ഞങ്ങള്‍ക്കും ഒരു വെള്ളിയാഴ്ച വരും, അന്ന് ഞങ്ങള്‍ പകരം ചോദിക്കും എന്ന് പറഞ്ഞു കൊണ്ട് കൊലവിളിപ്രസംഗവും നടത്തിയിരുന്നു. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും ഭാഗമല്ലാതിരുന്ന ശ്യാമപ്രസാദ് തനിക്ക് നേരെ എസ്ഡിപിഐയുടെ കൊലക്കത്തി നീളുന്നത് അറിയാതെ സ്വാഭാവിക രീതിയില്‍ കോളജില്‍ പോയി വരുമ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്. 

കണ്ണവം 17-ാം മൈല്‍ മേഖലയില്‍ എസ്ഡിപിഐയുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ സംഘ പ്രവര്‍ത്തനം കൊണ്ട് നേരിടാന്‍ നേതൃത്വം നല്‍കിയതിനാലാണ് ശ്യാമപ്രസാദ് എസ്ഡിപിഐ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. വളര്‍ന്നു വരുന്ന യുവതലമുറയെ സംഘ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു എന്ന കാരണത്താല്‍ ശ്യാമപ്രസാദ് സിപിഎമ്മിനും വെല്ലുവിളിയായി. സിപിഎം-എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഒടുവിലത്തെ ഇരയാണ് ശ്യാമപ്രസാദ്. 

സംഘത്തിന് സ്വാധീനമുള്ള ചിറ്റാരിപ്പറമ്പ് മേഖലയില്‍ വെച്ച് ശ്യാമപ്രസാദിനെ അക്രമിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ സിപിഎം-എസ്ഡിപിഐ നേതൃത്വം ഓണിയന്‍ പ്രേമന്‍ വധക്കേസില്‍ നിരപരാധിയായ ശ്യാമിനെ പ്രതിയാക്കിയിരുന്നു. അതിനു ശേഷവും ശക്തമായ രീതിയില്‍ സംഘപ്രവര്‍ത്തനം നടത്തിയതാണ് ശ്യാമപ്രസാദിന്റെ ജീവനെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. പിടിയിലായ പ്രതികള്‍ ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ് എന്നുള്ളത് കൃത്യമായ ആസൂത്രണത്തിന്റെ തെളിവാണ്. പ്രതികളില്‍ പലരും മുന്‍പ് തീവ്രവാദസ്വഭാവമുള്ള കേസുകളിലടക്കം പ്രതികളുമാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.