രണ്ടുവര്‍ഷത്തിനകം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം: റവന്യൂ മന്ത്രി ജില്ലയില്‍ 772 പേര്‍ക്ക് കൂടി പട്ടയം നല്‍കി

Sunday 21 January 2018 10:38 pm IST

 

കണ്ണൂര്‍: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 50,000ത്തിലേറെ പേര്‍ക്ക് പട്ടയം വിതരണം ചെയ്തതായും അടുത്ത രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തെ ഭൂമി കൈവശം വയ്ക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ കേരളപ്പിറവിക്കു ശേഷമുള്ള ആദ്യ സര്‍ക്കാര്‍ തൊട്ടേ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ഇനിയും പട്ടയം നല്‍കാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. ഭൂമി കൈവശം വയ്ക്കുകയും എന്നാല്‍ നിയമപരമായ രേഖകളില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ലാന്റ് ട്രൈബ്യൂണലുകളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 19,000 കേസുകള്‍ നിലവിലുണ്ട്. ഇവയുള്‍പ്പെടെ എത്രയും വേഗം പരിഹരിച്ച് ഭൂമികൈവശമുള്ള അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പട്ടയക്കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് ലാന്റ് ട്രൈബ്യൂണലിന്റെ ചുമതല കൂടുതല്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കണമെന്ന് കാണിച്ച് ജില്ലാ ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ഈ വര്‍ഷം 12000 പട്ടയക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാമെന്നാണ് ജില്ലാഭരണകൂടം കരുതുന്നത്. എന്നാല്‍ മുഴുവന്‍ ലാന്റ് ട്രൈബ്യൂണല്‍ കേസുകളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 

82 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുള്ള ഏക സംസ്ഥാനമാണ് കേരളം. അതേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവര്‍ ചെറിയ ശതമാനമാണെങ്കിലും കേരളത്തിലുണ്ട്. അവരെ കണ്ടെത്തി ആ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. 

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത, കെ.കെ.രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി.എംഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ലാന്റ് ട്രൈബ്യൂണല്‍- 624, മിച്ചഭൂമി- 48, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി -24, ലക്ഷം വീട് - 39, ഭൂദാനം-37 എന്നിങ്ങനെ 772 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.