കടല്‍ ജീവികളില്‍ നിന്ന് ഔഷധ നിര്‍മ്മാണം

Monday 22 January 2018 2:00 am IST

കൊച്ചി: കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണ ഗവേഷണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഗവേഷകര്‍ക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ആരോഗ്യ-മരുന്നുല്‍പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളിയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 25 ഗവേഷകര്‍ക്ക് നാളെ മുതല്‍ ആരംഭിക്കുന്ന വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കും. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്‌നോളജി വിഭാഗം നടത്തുന്ന വിന്റര്‍ സ്‌കൂള്‍ 21 ദിവസം നീണ്ടുനില്‍ക്കും. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറി പദ്മഭൂഷന്‍ ഡോ മഞ്ജു ശര്‍മ്മ നാളെ രാവിലെ 10.30ന് വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യും. പ്രമേഹം, സന്ധിവേദന, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ തടയുന്നതിനുള്ള ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍പായലില്‍ നിന്നും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ട്. തൈറോയിഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പരീക്ഷണശാലയില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിഎംഎഫ്ആര്‍ഐ വിന്റര്‍ സ്‌കൂളില്‍ പങ്കെടുക്കുന്ന ഗവേഷകരെ പ്രാപ്തരാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.